Friday December 09, 2016
Latest Updates

മറ്റുള്ളവരുടെ പണം നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ വന്നാല്‍ എന്തുചെയ്യണം?

മറ്റുള്ളവരുടെ പണം നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ വന്നാല്‍ എന്തുചെയ്യണം?

പുത്തന്‍ ഡിസൈനര്‍ വസ്ത്രങ്ങളും കൂളിംഗ് ഗ്ലാസും മേക്കപ്പ് കിറ്റുമൊക്കെ വാങ്ങിച്ചാല്‍ കോടതി കയറേണ്ടി വരുമോ? കഴിഞ്ഞ ദിവസം മൈക്കല ഹച്ചിംഗ്‌സ് എന്ന 23കാരിയാണ് കോടതി വിചാരണ നേരിട്ടത്. എന്നാല്‍ കോടതിയെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. കാരണം മൈക്കല ഇത്തരം ഷോപ്പിംഗിനായി ഉപയോഗിച്ച പണമാണ് വില്ലനായത്.

ലിച്ച്ഫീല്‍ഡ് ഡിസ്ട്രിക്ട് കൗണ്‍സില്‍ അബദ്ധത്തില്‍ മൈക്കലയുടെ അക്കൗണ്ടിലേക്ക് ഇട്ട 52,000 പൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചാണ് അവര്‍ വമ്പന്‍ ശോപ്പിംഗ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൗണ്‍സില്‍ നിക്ഷേപിച്ച 52,000 പൗണ്ടില്‍ നിന്നും മൈക്കല 9,000 പൗണ്ടിന് വസ്ത്രങ്ങളും മെയ്ക്കപ്പ് ഉപകരണങ്ങളും മറ്റും വാങ്ങിച്ചു. അതും ഇത്തരത്തില്‍ അബദ്ധത്തില്‍ പണം തന്റെ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ.

സ്വന്തമായി ചിലവഴിച്ചതു കൂടാതെ മൈക്കലയുടെ അമ്മയായ 43കാരി എലീനയ്ക്ക് 1000 പൗണ്ട് നല്‍കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂടുതല്‍ പണം പിന്‍വലിക്കുന്നതിനു മുന്‍പ് തന്നെ മൈക്കല പോലീസിന്റെ കൈയ്യില്‍പ്പെടുകയും ചെയ്തിരുന്നു.

കളവും അബദ്ധത്തില്‍ വന്ന പണം കൈവശപ്പെടുത്തിയതും ആണ് മൈക്കലയ്‌ക്കെതിരെ കോടതിയില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍. സ്റ്റഫോര്‍ഡ് ക്രൗണ്‍ കോടതിക്കുമുന്‍പാകെയാണ് കഴിഞ്ഞ തിങ്കളാഴ്ച്ച മൈക്കലയെ ഹാജരാക്കിയത്.

12 മാസത്തെ കമ്മ്യൂണിറ്റി ഓര്‍ഡറും 150 മണിക്കൂര്‍ ശമ്പളമില്ലാതെ ജോലിയെടുക്കാനുമാണ് കോടതി ലിച്ചഫീല്‍ഡ് സ്വദേശിയായ മൈക്കലയ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.

അറിഞ്ഞുകൊണ്ട് കുറ്റം ചെയ്തു എന്നാണ് റെക്കോര്‍ഡറായ ഡേരക് ഡസ്മണ്ട് മൈക്കലയ്ക്ക് നേരെ ആരോപിച്ചത്. ബ്രോംഫോര്‍ഡ് ഹൗസിംഗ് അസോസിയേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടിയിരുന്ന പണമാണ് കൗണ്‍സില്‍ അബദ്ധത്തില്‍ മൈക്കലയുടെ അക്കൗണ്ടിലേക്ക് ഇട്ടത്.

തങ്ങളുടെ തെറ്റ് മനസിലാക്കിയതിനാല്‍ മറ്റൊരു ട്രാന്‍സാക്ഷന്‍ നിര്‍ത്തി വച്ച് തെറ്റിനെക്കുറിച്ചറിയിക്കുന്നതിന് കൗണ്‍സില്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതിനിടയില്‍ തന്നെ മൈക്കല 9,000 പൗണ്ട് ചിലവാക്കുകയും ചെയ്തിരുന്നു.മൈക്കല പിടിയിലായപ്പോള്‍ ഇവര്‍ 40,000ത്തോളം പൗണ്ട് മറ്റൊരു ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു. കൗണ്‍സിലിന് അബദ്ധം സംഭവിച്ചിട്ട് വന്ന പണമാണെന്ന് അറിയാത്ത ബാങ്കിനോടാണ് മൈക്കല ഇതിനു വേണ്ട ഉപദേശം ചോദിച്ചതും.

എന്നാല്‍ ആ അക്കൗണ്ട് പെട്ടെന്നു തന്നെ മരവിപ്പിച്ചിട്ടുണ്ട്. മൈക്കല ഹച്ചിംഗിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതിന് പുറമേയാണ് അക്കൗണ്ട് മരവിപ്പിച്ചത്.ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടായേക്കാമെന്ന് അറിഞ്ഞ് കൊണ്ടും മൈക്കല പണം ചിലവഴിക്കുകയായിരുന്നുവെന്നാണ് വക്കീല്‍ പറഞ്ഞത്.

എന്നാല്‍ ഈ തെറ്റിന്റെ പേരില്‍ അവരെ ജയിലിലടക്കാന്‍ സാധിക്കില്ല എന്ന് കോടതി ഉറപ്പിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് മൈക്കല കോടതി വിട്ടത്.കഴിഞ്ഞ ഏപ്രിലില്‍ തങ്ങളുടെ ക്ലറിക്കല്‍ വിഭാഗത്തില്‍ വന്ന തെറ്റുകാരമാണ് ഇത്തരത്തില്‍ ഒരു അബദ്ധം സംഭവിച്ചതെന്നും ഇത്തരത്തില്‍ തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്യുന്ന ഫണ്ടുകള്‍ തിരിച്ചുപിടിക്കാന്‍ പോലീസിന്റെ സഹായം തേടാറാണ് പതിവെന്നും ലിച്ച്ഫീല്‍ഡ് ഡിസ്ട്രിക്ട് കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.

Scroll To Top