Friday December 09, 2016
Latest Updates

മന്‍മോഹന്‍ സിംഗ് 16 ന് രാജി നല്‍കും; പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ച് പടിയിറക്കം

മന്‍മോഹന്‍ സിംഗ് 16 ന് രാജി നല്‍കും; പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ച് പടിയിറക്കം

ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തെ യുപിഎ ഭരണം അവസാനിപ്പിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് 16 നു രാജി വയ്ക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനു പിന്നാലെ അദ്ദേഹം രാഷ്ട്രപതിക്ക് രാജി നല്കും. 17 ന് ദൂരദര്‍ശനിലൂടെയാകും രാജി പ്രഖ്യാപനം. രാജിക്ക് മുന്നോടിയായി രണ്ടാമ യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ ഇന്ന് അദ്ദേഹത്തിന് ഔദ്യോഗിക യാത്രയയപ്പും വിരുന്നും നല്കി. ഔദ്യോഗിക വസതിയായ 7 റെസ് കോഴ്‌സ് 17 ന് തന്നെ ഒഴിയുമെന്നാണ് സൂചന. രാജി വയ്ക്കാന്‍ അദ്ദേഹം ഇന്ന് സോണിയ ഗാന്ധിയുടെ അനുമതി തേടി. .മന്ത്രിമാര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്കും സോണിയാഗാന്ധി നാളെ അത്താഴവിരുന്നൊരുക്കിയിട്ടുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷം രാജ്യത്തെ മികച്ച രീതിയില്‍ മുന്നോട്ട് നയിച്ച മന്‍മോഹന്‍ സിംഗിനെയും സഹമന്ത്രിമാരെയും അഭിനന്ദിക്കുന്നതായി കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. രാജ്യത്തിനു വലിയ പുരോഗതിയാണ് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ലഭിച്ചതെന്നും സിംഗ്വി പറഞ്ഞു. സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന് കൈമാറും. ഇതിന്റെ ഭാഗമായ നടപടികള്‍ ഇന്ന് ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ആരംഭിച്ചു.

Scroll To Top