Sunday December 11, 2016
Latest Updates

മന്ത്രിസഭാ പുനസംഘടന: മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്; ഗണേഷിന്റെ മന്ത്രിസ്ഥാനം കീറാമുട്ടി

മന്ത്രിസഭാ പുനസംഘടന: മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്; ഗണേഷിന്റെ മന്ത്രിസ്ഥാനം കീറാമുട്ടി

തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടന ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിക്ക്. തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ എത്തുന്ന മുഖ്യമന്ത്രി മന്ത്രിസഭാ പുനസംഘടനയ്ക്ക് സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അനുമതി തേടും. പുനസംഘടനയുടെ ഘടന എന്തെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടില്ല.

വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍ എന്നിവരുടെ പേരുകള്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അതേസമയം മന്ത്രിസഭാ പുനസംഘടിപ്പിക്കണമെങ്കില്‍ ഐ ഗ്രൂപ്പ് മന്ത്രിമാരില്‍ ചിലര്‍ സ്ഥാനം ഒഴിയേണ്ടി വരും. സിഎന്‍ ബാലകൃഷ്ണനോ, വി എസ് ശിവകുമാറോ സ്ഥാനം ഒഴിയേണ്ടി വരുമെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ രാജി വയ്ക്കില്ലെന്ന് സിഎന്‍ ബാലകൃഷ്ണന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

കേരള കോണ്‍ഗ്രസ് എംഎല്‍എ ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനമാണ് മുഖ്യമന്ത്രിക്ക് മുന്നിലെ മറ്റൊരു പ്രതിസന്ധി. പിള്ളയുടെ ഭീഷണിക്ക് വഴങ്ങി ഗണേഷിന് മന്ത്രിസ്ഥാനം നല്‍കേണ്ടന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷ അഭിപ്രായം. കേരള കോണ്‍ഗ്രസ് ബിയുടെ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ സരിത എസ് നായരുടെ മൊഴി പുറത്ത് വിടുമെന്ന് ആര്‍ ബാലകൃഷ്ണ പിള്ള ഭീഷണി മുഴക്കിയിരുന്നു.

ഇന്ന്  ഹൈക്കമാണ്ട് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. മോഡി പ്രധാനമന്ത്രി ആയതിന് ശേഷം ഇത് ആദ്യമായാണ് ഉമ്മന്‍ചാണ്ടി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടു നിന്ന ഉമ്മന്‍ചാണ്ടി ജൂണ്‍ രണ്ടിന് മോഡിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

Scroll To Top