Monday December 05, 2016
Latest Updates

മന്ത്രിസഭാ പുനസംഘടന: പുതിയ മന്ത്രിമാരുടെ പേരുകള്‍ രാവിലെ പ്രഖ്യാപിക്കും

മന്ത്രിസഭാ പുനസംഘടന: പുതിയ മന്ത്രിമാരുടെ പേരുകള്‍ രാവിലെ പ്രഖ്യാപിക്കും

ഡബ്ലിന്‍: പ്രധാനമന്ത്രി എന്‍ഡ കെന്നിയും ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനും ഇന്ന് രാവിലെ മന്ത്രിസഭാ പുനസംഘടന പ്രഖ്യാപിക്കും. ഇന്ന് രാവിലെ 10.30ഓടെ പുനസംഘടന പ്രഖ്യാപിക്കും.യോഗത്തില്‍ പങ്കെടുക്കാന്‍ ടിഡിമാര്‍ തയ്യാറായി ഇരിക്കാന്‍ വിപ്പിന്റെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം തേടിയതിനു ശേഷമാകും പുനസംഘടന പ്രഖ്യാപിക്കുക. നിലവിലെ മന്ത്രിസഭയിലെ ഭൂരിപക്ഷം പേരും മാറി തികച്ചും പുതുമുഖങ്ങള്‍ വരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. പുതിയതായി പേര് പ്രഖ്യാപിക്കുന്ന മന്ത്രിമാര്‍,
തുടര്‍ന്ന് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന്റെ ഓഫീസില്‍ എത്തി അധികാരം ഏറ്റെടുക്കും.

ഫിനാഗേലിനും ലേബറിനും നല്‍കേണ്ട വകുപ്പുകള്‍ സംബന്ധിച്ച് ജോണ്‍ ബര്‍ട്ടനും എന്‍ഡ കെന്നിയും തമ്മില്‍ ഇന്നലെ വൈകിട്ട് ചര്‍ച്ച നടത്തി. കൂട്ടുകക്ഷി ഗവണ്‍മെന്റിന്റെ ഭാവി നയപരിപാടികള്‍ സംബന്ധിച്ച പോളിസി ഡോക്യുമെന്റ് കക്ഷികള്‍ അംഗീകരിച്ചു. നികുതി ഘടന സംബന്ധിച്ചും വിദ്യാഭ്യാസ വകുപ്പ് സംബന്ധിച്ചുമാണ് നേരിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്. മുന്‍കാല ഗവണ്‍മെന്റുകള്‍ പുനസംഘടനയിലൂടെ കൂടുതല്‍ ക്ഷയിച്ചിട്ടെയുള്ളൂ അത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് എന്‍ഡ കെന്നി പറഞ്ഞു.

നിലവില്‍ ഫിനാഗലിന്റെ റിച്ചാര്‍ഡ് ബര്‍ട്ടന്‍ കൈകാര്യം ചെയ്യുന്ന തൊഴില്‍ വകുപ്പ് ലേബര്‍ ഏറ്റെടുത്തെക്കുമെന്നു സൂചനയുണ്ട്. പാറ്റ് റാബിറ്റിനെ നിലനിര്‍ത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ജെയിംസ് റെലിയെ ആരോഗ്യവകുപ്പില്‍ നിന്ന് മാറ്റും. ലേബര്‍ ഉപാധ്യക്ഷന്‍ അലന്‍ കെല്ലിക്ക് ജൂനിയര്‍ മന്ത്രി സ്ഥാനത്ത് നിന്ന് ക്യാബിനറ്റ് പദവി ലഭിക്കും. കില്‍ക്കെനി ടിഡി ആനി ഫെലന്‍ ഉള്‍പ്പെടെ മൂന്ന് ടിഡിമാര്‍ പുതുമുഖങ്ങളായി മന്ത്രിസഭയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top