Thursday December 08, 2016
Latest Updates

മന്ത്രിസഭാ പുനസംഘടന നീളുന്നു; സര്‍ക്കാര്‍ പുതിയ നയരേഖയും പ്രഖ്യാപിക്കും 

മന്ത്രിസഭാ പുനസംഘടന നീളുന്നു; സര്‍ക്കാര്‍ പുതിയ നയരേഖയും പ്രഖ്യാപിക്കും 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മന്ത്രിസഭാ പുനസംഘടന നീളുന്നു. ഇന്നലെ പ്രഖ്യാപിക്കുമെന്ന് കരുതിയ പുതിയ മന്ത്രിസഭ വെള്ളിയാഴ്ച വരെ നീളുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. പ്രധാനമന്ത്രി എന്‍ഡ കെന്നിയും ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനും തമ്മില്‍ മന്ത്രിസഭ പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അന്തിമ തീരുമാനം ആകാത്തതിനാലാണ്പ്രഖ്യാപനം വൈകുന്നത്. മന്ത്രിസഭയുടെ അവശേഷിക്കുന്ന കാലയളവില്‍ ഗവണ്‍മെന്റിന്റെ നയം എന്തായിരിക്കണമെന്നും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.മന്ത്രിസഭാ പുനസംഘടന ചര്‍ച്ച ചെയ്യാന്‍ ഫിനഗേല്‍ നേതാക്കളും ലേബര്‍ പാര്‍ട്ടിനേതാക്കളും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

മന്ത്രിസഭയില്‍ ഏതൊക്കെ മാറ്റങ്ങള്‍ വേണമെന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമായേക്കും, ഇന്ന് സമവായം ഉണ്ടായില്ലെങ്കില്‍ നാളെ തീരുമാനമാകുമെന്നു ലേബര്‍ വൃത്തങ്ങള്‍ അറിയിച്ചു. പുനസംഘടന സംബന്ധിച്ച് കെന്നിയും ബര്‍ട്ടനും തമ്മില്‍ തിങ്കളാഴ്ച മുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ പുനസംഘടനയുടെ പശ്ചാത്തലത്തില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രതിവാര മീറ്റിംഗ് മാറ്റി വച്ചു. 

അതേസമയം മന്ത്രിസഭ പുനസംഘടന സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഒന്നും നിലവിലില്ലെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.സര്‍ക്കാരിന്റെ പുതിയ നയരേഖ ഇരു പാര്‍ട്ടികളും അംഗീകരിച്ചു. പോളിസി ഉപദേശകരുടെ അഭിപ്രായം തേടി നയരേഖ അവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും രണ്ട് ധനകാര്യ മന്ത്രിമാരും ഉള്‍പ്പെടുന്ന ഹൈപവര്‍ എക്കണോമിക് മാനേജ്‌മെന്റ് കൌണ്‍സില്‍രൂപീകരിക്കണമെന്നതാണ് പുതിയ നയരേഖയിലെ ഒരു നിര്‍ദ്ദേശം. വരുന്ന ബജറ്റിലെ ഈ നിര്‍ദ്ദേശം നടപ്പിലാകൂ. നിലവിലെ മന്ത്രിസഭാംഗങ്ങള്‍ മാറി തികച്ചും പുതുമുഖങ്ങള്‍ വരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ മന്ത്രിമാരെ ഡയലില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് പ്രസിഡന്റിനെ കണ്ട് അവര്‍ അധികാരമേറ്റെടുക്കും. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയുടെപശ്ചാത്തലത്തിലാണ് ലേബര്‍ മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാന്‍ ജനപ്രിയ നയങ്ങള്‍ കൊണ്ടുവരുമെന്നാണ്പ്രതീക്ഷിക്കപ്പെടുന്നത്.

Scroll To Top