Friday December 09, 2016
Latest Updates

മദ്യലഹരിയില്‍ വിമാനം പറത്തിയതിന് നടപടി നേരിട്ടത് 170 പൈലറ്റുമാര്‍ ; ആറ് പേര്‍ കേരളത്തില്‍ നിന്ന്

മദ്യലഹരിയില്‍ വിമാനം പറത്തിയതിന് നടപടി നേരിട്ടത് 170 പൈലറ്റുമാര്‍ ; ആറ് പേര്‍ കേരളത്തില്‍ നിന്ന്

കൊച്ചി: മദ്യലഹരിയില്‍ വാഹനമോടികുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ പൈലറ്റുമാര്‍ക്കിടയിലും മദ്യപിച്ച് ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മദ്യപിച്ച് വിമാനം പറത്തിയതിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അച്ചടക്ക നടപടി നേരിട്ടത് 170 പൈലറ്റുമാര്‍. ഇതില്‍ നാല് പൈലറ്റുമാര്‍ കൊച്ചിയില്‍ നിന്നുള്ളവരും രണ്ട് പേര്‍ തിരുവനന്തപുരത്ത് നിന്നുള്ളവരുമാണ്.

2009 മുതലുള്ള കണക്കുകളാണ് പുറത്തുവിട്ടത്. മദ്യപിച്ച് ജോലിക്കെത്തുന്ന പൈലറ്റുമാര്‍ക്കെതിരെ കര്‍ശന നടപടി ഇല്ലാത്തതിനാല്‍ പലരും വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയാണ്. മദ്യപിച്ച് വിമാനം പറത്തി യാത്രക്കാരുടെ ജീവന്‍ പന്താടുന്ന പൈലറ്റുമാരില്‍ ഭൂരിപക്ഷം പേരും സ്വകാര്യ വിമാന കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ്. പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയില്‍ മദ്യപിച്ച് വിമാനം പറത്തിയതിന് 11 പൈലറ്റുമാര്‍ നടപടി നേരിട്ടിട്ടുണ്ട്.

ബ്രീത്ത് അനലൈസര്‍ പരിശോധനയിലാണ് മദ്യപിച്ച് വിമാനം പറത്തുന്ന പൈലറ്റുമാര്‍ കുടുങ്ങിയത്. ഡല്‍ഹിയിലാണ് ഏറ്റവുമധികം പേര്‍ കുടുങ്ങിയത്. ഡല്‍ഹിയില്‍ 53 പൈലറ്റുമാരാണ് മദ്യപിച്ച് ജോലി ചെയ്തതിന് നടപടി നേരിട്ടത്. മുംബൈ രണ്ടാം സ്ഥാനത്തുണ്ട്. വിമാനം പറത്തുന്നതിന് 12 മണിക്കൂറിനുള്ളില്‍ പൈലറ്റും ക്യാബിന്‍ ക്രൂവും മദ്യപിക്കരുതെന്നാണ് എയര്‍ക്രാഫ്റ്റ് റൂള്‍. എന്നാല്‍ കര്‍ശന നടപടി ഇല്ലാത്തതിനാല്‍ നിയമ ലംഘനം തുടരുകയാണ്.

Scroll To Top