Friday December 09, 2016
Latest Updates

മദ്യപിച്ച് വാഹനമോടിച്ചു പിടിക്കപ്പെട്ടാല്‍ വിലങ്ങ് വെച്ചു കൊണ്ടുപോകുന്നത് നിയമ വിരുദ്ധം :ഗാര്‍ഡയ്‌ക്കെതിരെ സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു പിടിക്കപ്പെട്ടാല്‍ വിലങ്ങ് വെച്ചു കൊണ്ടുപോകുന്നത് നിയമ വിരുദ്ധം :ഗാര്‍ഡയ്‌ക്കെതിരെ സുപ്രീം കോടതി

ഡബ്ലിന്‍ :മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടു എന്ന് കാണിച്ച് കോടതിയില്‍ ഹാജരാക്കിയ ആളോട് ഗാര്‍ഡ നിയമ വിരുദ്ധമായാണ് പെരുമാറുന്നതെന്ന് സുപ്രീംകോടതി. ബ്രത്ത് അനലൈസര്‍ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ അത് കുറ്റം ചെയ്തതിന് തെളിവാകില്ലെന്നും കോടതി വ്യക്തമാക്കി.
കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കാതെ ബ്രത്ത് അനലൈസര്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിടിക്കപ്പെട്ടയാളെ വിലങ്ങുവച്ച് ഗാര്‍ഡ കൊണ്ടുപോയ നടപടിയാണ് ഇപ്പോള്‍ നിയമവിരുദ്ധമായി കോടതി പറഞ്ഞിരിക്കുന്നത്.
അറസ്റ്റിന് ശേഷം ആളെ വിലങ്ങുവച്ച് കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് കാണിച്ചാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് ഡിസിട്രിക്ട് കോടതി ജഡ്ജ് വിട്ടത്.
ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ വിലങ്ങുകൂടി കൈയിലിടുന്നത് ഒരാളുടെ നിയമം അനുവദിക്കുന്ന അവകാശങ്ങളുടെ മേലുള്ള കൈയ്യേറ്റമാണെന്നാണ് ജഡ്ജ് ആരോപിച്ചത്. എന്നാല്‍ ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരെ വിലങ്ങുവയ്ക്കുക എന്ന രീതിയാണ് തുടര്‍ന്നുപോരുന്നതെന്നും കാരണം മുന്നേ ഉണ്ടായിരിക്കുന്ന അനുഭവങ്ങള്‍ അനുസരിച്ച് അത്തരക്കാര്‍ അറസ്റ്റ്‌ചെയ്യാന്‍ വിസമ്മതം കാണിക്കുകയോ എതിര്‍ക്കുകയോ ചെയ്യാറുണ്ടായിരുന്നുവെന്നാണ് ഗാര്‍ഡ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസത്തെ ജഡ്ജ്‌മെന്റില്‍ ജസ്റ്റിസ് നിയാല്‍ ഫെന്നലിയും ജസ്റ്റിസ് ഫ്രാങ്ക് ക്ലാര്‍ക്കും ഇത്തരത്തില്‍ അറസ്റ്റു ചെയ്യപ്പെടുന്നവരെ വിലങ്ങണിയിക്കുന്നതിനെ നീതിക്കു നിരക്കാത്തത് എന്നു തന്നെയാണ് വിശേഷിപ്പിച്ചത്.
ഇത്തരം കാര്യം അറസ്റ്റിനെപ്പോലും നിയമവിരുദ്ധമാക്കുന്നു എന്ന ജസ്റ്റിസ് ഫെന്നലിയുടെ അഭിപ്രായത്തെ ജസ്റ്റിസ് അഡ്രിയാന്‍ ഹാര്‍ഡിമാന്‍ പിന്തുണച്ചു. എന്നാല്‍ ജസ്റ്റിസ് ക്ലാര്‍ക്കിന് ഈ അഭിപ്രായത്തോട് യോജിപ്പില്ലായിരുന്നു.
മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഗാര്‍ഡയ്ക്കും അതുപോലുള്ള മറ്റ് ഫോഴ്‌സുകള്‍ക്കും അറസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ടെന്നും ജസ്റ്റിസ് ഫെനാലി പറഞ്ഞു. വളരെ അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ അറസ്റ്റ് ചെയ്യുന്നത് അഭിനന്ദനാര്‍ഹമാകാറുണ്ടെന്നും ജഡ്ജ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരാളെ യാതൊരു പ്രകോപനപരമായ പെരുമാറ്റവും കൂടാതെ വിലങ്ങുവയ്ക്കുന്നത് ശരിയായ നടപടി അല്ലെന്നും ജഡ്ജ് പറഞ്ഞു. മതിയായ കാരണങ്ങള്‍ ഉണ്ടാവുന്നസാഹചര്യത്തില്‍ മാത്രമാണ് ഗാര്‍ഡയ്ക്ക് വിലങ്ങുവയ്ക്കാനുള്ള അധികാരം എന്നാണ് ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്നത്.
യാതൊരു കാരണങ്ങളുമില്ലാതെ വിലങ്ങണിയിക്കുന്നത് നിയമവിരുദ്ധമായിതന്നെയാണ് ജഡ്ജ് വ്യാഖ്യാനിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഒരാളുടെ മൗലിക അവകാശങ്ങളെയോ നിയമത്തെയോ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും ജഡ്ജ് കൂട്ടിച്ചേര്‍ത്തു.

Scroll To Top