Thursday December 08, 2016
Latest Updates

മദനിയുടെ ഹര്‍ജിയിലെ വിധി : യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും കുഴപ്പത്തിലേയ്ക്ക്

മദനിയുടെ ഹര്‍ജിയിലെ വിധി : യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും കുഴപ്പത്തിലേയ്ക്ക്

തിരുവനന്തപുരം: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യഹര്‍ജിയില്‍ കേരള സര്‍ക്കാരിനെക്കൂടി കക്ഷി ചേര്‍ക്കാനായി സുപ്രീം കോടതി നോട്ടീസയച്ചത് സംസ്ഥാന സര്‍ക്കാരിനെയും യുഡിഎഫിനേയും വീണ്ടും കുഴപ്പത്തിലാക്കും.

മദനിയുമായി ബന്ധപ്പെട്ട് കൃത്യമായ അഭിപ്രായം പറയാതിരുന്ന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ ഏതെങ്കിലും ഒരഭിപ്രായം ഇനി പറഞ്ഞേ മതിയാകൂ.
ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് ആരോപിക്കപ്പെടുന്ന കാലത്ത് കേരള സര്‍ക്കാര്‍ നല്‍കിയ ബി കാറ്റഗറി സുരക്ഷയിലായിരുന്നു താനെന്നും അതിനാല്‍ തന്നെ ഇതിന്റെ വസ്തുത കേരള സര്‍ക്കാരിന് അറിയാമെന്നുമാണ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മദനി ചൂണ്ടിക്കാട്ടിയത്.
സുരക്ഷ ഇപ്പോഴും തുടരുന്നതിനാല്‍ ജാമ്യം ലഭിച്ചാല്‍ താന്‍ വിചാരണക്കെത്തുന്ന കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ സംസ്ഥാനത്തിന് സാധിക്കുമെന്നും മദനി പറയുന്നു.
ഈ സാഹചര്യത്തില്‍ മദനിക്ക് അനുകൂലമായോ പ്രതികൂലമായോ ഒരു റിപ്പോര്‍ട്ട് സംസ്ഥാനം നല്‍കേണ്ടിവരും. ഇതില്‍ ഏതു നിലപാടെടുത്താലും അത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാമെന്ന ഭയമാണ് യുഡിഎഫിന് കുഴപ്പത്തിലാക്കുന്നത്. അനുകൂല നിലപാടെടുത്താല്‍ അത് മദനിയെ എതിര്‍ക്കുന്ന വലിയൊരു വിഭാഗത്തെ യുഡിഎഫിനെതിരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പിഡിപിയുമായി സഖ്യത്തിലേര്‍പ്പെട്ട ഇടതുമുന്നണിക്കു കിട്ടിയ തിരിച്ചടി തന്നെയാണ് ഇക്കാര്യത്തില്‍ യുഡിഎഫിനെ ഭയപ്പെടുത്തുന്നത്.
പ്രതികൂല നിലപാടെടുത്താല്‍ മദനിയെ അനുകൂലിക്കുന്നവര്‍ യുഡിഎഫിനെതിരാകും. മദനിക്കെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കേരളത്തില്‍ നടക്കുന്ന പ്രചരണം അനുകൂല മനോഭാവം ഒട്ടേറെപ്പേരില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇവര്‍ എതിരാകുന്നതും യുഡിഎഫിന് ദോഷം ചെയ്യും.
സര്‍ക്കാര്‍ ഇതില്‍ ഏതു നിലപാടെടുത്താലും ഇടതുമുന്നണി അത് വരും തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുമെന്ന കാര്യം ഉറപ്പാണ്.

Scroll To Top