Saturday December 10, 2016
Latest Updates

മണി ബാക്ക് ഓഫറുമായി ആപ്പിള്‍

മണി ബാക്ക് ഓഫറുമായി ആപ്പിള്‍

ഡബ്ലിന്‍: ആപ്പിള്‍ മണി ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. ആപ്പിളിന്റെ ഐ ട്യൂണ്‍സ്, ഐ ബുക്ക്‌സ്, ആപ്പ് സ്റ്റോര്‍ എന്നിവ വഴി വാങ്ങിയവയ്ക്കാണ് പണം തിരികെ നല്‍കുന്നതിനുള്ള ഓഫര്‍ ആപ്പിള്‍ പ്രഖ്യാപിച്ചത്. ആപ്ലിക്കേഷനുകളും ഗാനങ്ങളും സിനിമയും അബദ്ധത്തില്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഈ ഓഫര്‍ ഏറെ പ്രയോജനം ചെയ്യും. ഈ ഓഫര്‍ പ്രകാരം ഐ ട്യൂണ്‍സ്, ഐ ബുക്ക്‌സ്, ആപ്പ് സ്റ്റോര്‍ മുഖേന ഓര്‍ഡര്‍ ചെയ്തവ കാരണം വ്യക്തമാക്കാതെ റദ്ദാക്കാന്‍ ആപ്പിള്‍ അനുമതി നല്‍കും. 

ഐ ട്യൂണ്‍സ് അല്ലെങ്കില്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ ലഭ്യമാക്കിയിരിക്കുന്ന ‘റിപ്പോര്‍ട്ട് എ പ്രോബ്ലം’ എന്ന ഓപ്ഷന്‍ മുഖേനയാണ് മണി ബാക്ക് ഓഫര്‍ ലഭിക്കേണ്ട സാധനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കേണ്ടത്.ഓര്‍ഡര്‍ രണ്ടാഴ്ചയ്ക്കകം റദ്ദാക്കണം. ഉപഭോക്താവ് പണം അടച്ചത് എങ്ങനെയാണോ അതെ രീതിയില്‍ തന്നെ ആപ്പിള്‍ പണം മടക്കി നല്‍കും. ഇതിനായി പ്രത്യേക ഫീസ് നിരക്ക് ഈടാക്കില്ലെന്നും ആപ്പിള്‍ അറിയിച്ചു. അതേസമയം ഐ ട്യൂണ്‍സ് ഗിഫ്റ്റ് കാര്‍ഡിന് ഈ ഓഫര്‍ ബാധകമല്ല. ഐ ട്യൂണ്‍സ് ഗിഫ്റ്റ് കാര്‍ഡിന് പണം മടക്കി നല്‍കില്ല. 

നിങ്ങള്‍ ബുക്ക് ചെയ്ത ഡിജിറ്റല്‍ കണ്ടന്റിന് അത് ഡെലിവര്‍ ചെയ്തു കഴിഞ്ഞാല്‍ പണം മടക്കി നല്‍കില്ല. ഉദാഹരണത്തിന് നിങ്ങള്‍ സിനിമയോ പാട്ടോ ഡൗണ്‍ലോഡ് ചെയ്തുവെന്ന് കരുതുക. സിനിമ കണ്ടതിന് ശേഷവും പാട്ട് കേട്ടതിന് ശേഷവും പണം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ ലഭിക്കില്ല. യൂറോപ്യന്‍ കണ്‍സ്യൂമര്‍ റൈറ്റ്‌സ് പ്രകാരമാണ് ഡിജിറ്റല്‍ കണ്ടന്റ് ഉള്‍പ്പെടെയുള്ളവയ്ക്ക് മണി ബാക്ക് ഓഫര്‍ നല്‍കാന്‍ ആപ്പിള്‍ തയ്യാറായത്. നേരത്തെ ഷോപ്പുകളില്‍ നിന്ന് നേരിട്ട് വാങ്ങുന്നവയ്ക്ക് മാത്രമേ മണി ബാക്ക് ഓഫര്‍ ബാധകമായിരുന്നുള്ളൂ. 

ആപ്പിളിന്റെ എതിരാളികളായ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന സിനിമ, പാട്ട് തുടങ്ങിയവക്ക് ഏഴ് ദിവസത്തെ മണി ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആപ്പിളും മണി ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചത്.

Scroll To Top