Sunday December 11, 2016
Latest Updates

മണിക്കൂറിന് 6.49 യൂറോ ശമ്പളം മാത്രം ;സ്റ്റുഡന്‍സ് നഴ്‌സസ് പ്രതിഷേധ സമരവുമായി തെരുവിലിറങ്ങി

മണിക്കൂറിന് 6.49 യൂറോ ശമ്പളം മാത്രം ;സ്റ്റുഡന്‍സ് നഴ്‌സസ് പ്രതിഷേധ സമരവുമായി തെരുവിലിറങ്ങി

ഡബ്ലിന്‍ :പഠിച്ചിറങ്ങിയ നഴ്‌സുമാരുടെ തുടക്കത്തിലുള്ള ശമ്പളം 22,000 യൂറോയില്‍ നിന്നും വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സ്റ്റുഡന്റ് നഴ്‌സസ് ലെയ്ന്‍സ്റ്റര്‍ ഹൗസിനു മുന്നില്‍ പ്രതിഷേധസമരം നടത്തി.
മിനിമം വേതനത്തേക്കാള്‍ കുറഞ്ഞ തോതിലുള്ള ശമ്പളമാണ് ബിരുദധാരികളായ തുടക്കക്കാര്‍ക്ക് ലഭിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. മണിക്കൂറില്‍ 6.49 യൂറോ എന്ന നിരക്കിലാണ് ഇപ്പോള്‍ അവരുടെ ശമ്പളം കണക്കാക്കുന്നത്. അത് തങ്ങളെ പ്രവാസ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും സമര സമിതി അംഗങ്ങള്‍ വ്യക്തമാക്കി.

2011ല്‍ ബിരുദധാരിയായ ഒരു നഴ്‌സിന് 26,000 യൂറോ ശമ്പളം ലഭിച്ചിരുന്നു എന്നാല്‍ അതില്‍ 4,000 യൂറോ കുറഞ്ഞ അളവിലാണ് ഇപ്പോള്‍ ശമ്പളം കണക്കാക്കുന്നത്. കൂടാതെ സാധാരണ നിലയില്‍ നല്‍കിയിരുന്ന ഇന്‍ക്രിമെന്റുകളും ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്.
എച്ച്എസ്ഇയുടെ ഗ്രാഡുവേറ്റ് നഴ്‌സിംഗ് സ്‌കീമിന് അപേക്ഷിച്ചിട്ടുള്ള ബിരുദധാരികള്‍ ആഴ്ച്ചയിലുള്ള തങ്ങളുടെ 39 മണിക്കൂര്‍ ജോലിസമയത്തിനു പുറമേ ക്ലാസുകളും അസൈന്‍മെന്റുകളും അടക്കം രണ്ടുവര്‍ഷത്തെ പാര്‍ട് ടൈം സര്‍ട്ടിഫിക്കറ്റ് പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്.
ബിരുദം കഴിഞ്ഞ് 22,000 യൂറോ ശമ്പളത്തിന് ജോലി ചെയ്യുക എന്നത് ഭയപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണെന്ന് ട്രിനിറ്റ് കോളേജേ ഡബ്ലിന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ 31കാരി സാറ ഫാരല്‍ പറഞ്ഞു.

നാലു വര്‍ഷത്തെ പഠനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഏതു വിധത്തിലാണ് 22,000 യൂറോ കൊണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റുക എന്ന് ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ ഡബ്ലിനിലെ നോക്കിലോണ്‍ സ്വദേശിനി ചോദിച്ചു. കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തില്‍ ഓരോ വിദ്യാര്‍ത്ഥിയും പൂര്‍ത്തിയാക്കേണ്ട 14 ആഴ്ച്ച പൂര്‍ത്തിയാക്കേണ്ട ശമ്പളമില്ലാത്ത വര്‍ക്ക് എക്‌സിപീരിയന്‍സിന്റെ ആദ്യ നാലാഴ്ച്ച പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇപ്പോള്‍ സാറ ഫാരല്‍.
എത്ര കഠിനമായ ജോലികളാണ് നഴ്‌സുമാര്‍ ആശുപത്രികളില്‍ ചെയ്യുന്നതെന്നും എത്രമാത്രം കഷ്ടതകള്‍ സഹിച്ചായാലും അവര്‍ ഇപ്പോഴും തങ്ങളുടെ ക്ഷമ കൈവിടാതെ നിലനില്‍ക്കുകയാണെന്നും സാറ കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍ നാലുവര്‍ഷത്തെ ബിരുദം പൂര്‍ത്തീകരിച്ച് ജോലിക്കിറങ്ങുമ്പോള്‍ അവര്‍ പ്രതീക്ഷിക്കുന്ന വിധത്തിലുള്ള പ്രതിഫലം ലഭിക്കുന്നില്ലെന്ന് ടിസിഡി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ 21കാരന്‍ ജോണ്‍ കോണര്‍ പറഞ്ഞു.
അയര്‍ലണ്ടില്‍ പിടിച്ചു നില്‍ക്കാനുള്ള ശമ്പളം പോലും ലഭിക്കുന്നില്ലെന്നും ഇവിടെ തന്നെ താമസിച്ച് ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത് വളരെയധികം നിരാശയാണ് നല്‍കുന്നതെന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു.
വളരെയധികം ത്യാഗങ്ങള്‍ നഴ്‌സുമാര്‍ സഹിക്കുന്നുണ്ടെങ്കിലും പിടിച്ചു നില്‍ക്കാന്‍ സഹായിക്കും വിധത്തിലുള്ള പ്രതിഫലം അവര്‍ക്കിവിടെ ലഭിക്കുന്നില്ലെന്നും അതിനാല്‍ പലരും മറ്റ് രാജ്യങ്ങളിലേക്ക് അഭയം പ്രാപിക്കുകയാണെന്നും മറ്റൊരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി എമ്മ ഡേ പറഞ്ഞു.

ഇവിടെ ശമ്പളത്തിന്റെ ഇരട്ടി ജോലികള്‍ നഴ്‌സുമാര്‍ ചെയ്യേണ്ടിവരുന്നുണ്ടെന്നും എന്നാല്‍ അതോ സമയം പുറം രാജ്യങ്ങളില്‍പോയാല്‍ അവര്‍ ഇവിടെ ചെയ്യുന്ന അതേജോലിക്ക് ഇവിടെ ലഭിക്കുന്നതിന്റെ ഇരട്ടിയോളമാണ് ശമ്പളം ലഭിക്കുകയെന്നും അതിനാല്‍ തന്നെ പലരും മറ്റ് രാജ്യങ്ങളിലേക്ക് മാറിപ്പോകുന്നുവെന്നും യൂനിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് ഇന്‍ അയര്‍ലണ്ട് പ്രസിഡണ്ട് ജോ ഒ’കോണര്‍ പറയുന്നു. ഇത്തരം പ്രവാസിവത്കരണം അയര്‍ലണ്ടിന്റെ ആരോഗ്യസേവന രംഗത്തെ ദോഷകരമായി ബാധിക്കുമെന്നും ജോ കൂട്ടിച്ചേര്‍ത്തു.

Scroll To Top