Saturday December 03, 2016
Latest Updates

മടങ്ങിവന്ന നഴ്‌സുമാര്‍ക്കായി പുനരധിവാസ പാക്കേജ്; സ്മിതയ്ക്ക് പ്രത്യേക സഹായം : കെഎം മാണി

മടങ്ങിവന്ന നഴ്‌സുമാര്‍ക്കായി പുനരധിവാസ പാക്കേജ്; സ്മിതയ്ക്ക് പ്രത്യേക സഹായം : കെഎം മാണി

കോട്ടയം: ഇറാഖില്‍ നിന്ന് മടങ്ങി വന്ന മലയാളി നഴ്‌സുമാര്‍ക്കായി പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറാക്കുമെന്ന് മന്ത്രി കെഎം മാണി. ഇറാഖില്‍ നിന്ന് മടങ്ങി വന്ന കുറുവിലങ്ങാട് സ്വദേശി സ്മിതയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാര്‍, എനിക്കൊരു ജോലിയാണാവശ്യം’…  സ്മിതാമോള്‍ മന്ത്രി കെ.എം.മാണിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. രോഗികളായ അച്ഛനമ്മമാരെയുംകൊണ്ട് സുരക്ഷിതമായ ഒരു വീട്ടിലേക്ക് മാറണമെന്ന ആഗ്രഹംകൊണ്ടു മാത്രമാണ് ഇറാഖിലേക്ക് പോയതെന്നും സ്മിത കരച്ചിലിനിടെ പറഞ്ഞു. സ്മിതയുടെയും കുടുംബത്തിന്റെയും ദു:ഖം അവിടെ കൂടിയവരെയും മന്ത്രിയെയും വിഷമത്തിലാക്കി.

21646_594147

തീവ്രവാദികള്‍ പിടിച്ചെടുത്ത തിക്രിത് ആസ്പത്രിയില്‍നിന്ന് തിരികെ എത്തിയ സ്മിതാമോള്‍ സുരേന്ദ്രന്റെ ദുരന്തകഥ അറിഞ്ഞ് ആശ്വസിപ്പിക്കാനെത്തിയതായിരുന്നു മന്ത്രി.

സ്മിതയെ സഹായിക്കാന്‍ സര്‍ക്കാര്‍ കഴിയുന്ന എല്ലാക്കാര്യങ്ങളും ചെയ്യുമെന്നും സ്മിതയുടെ ദുരവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കെഎം മാണി അറിയിച്ചു.

ഇറാഖില്‍ നിന്ന് മടങ്ങി വന്ന സ്മിതയുടെ ദുരവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്യാന്‍സര്‍ രോഗിയായ അച്ഛനും ആസ്മ രോഗിയായ രണ്ടാനമ്മയുമാണ് സ്മിതയുടെ ഏക ആശ്രയം. ഇവര്‍ക്കൊപ്പം പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലാണ് സ്മിത കഴിയുന്നത്. മറ്റാരും ആശ്രയമില്ലാത്ത സ്മിത ഇറാഖില്‍ 40,000 രൂപ ശമ്പളം പ്രതീക്ഷിച്ചാണ് ജോലിക്ക് എത്തിയത്. എന്നാല്‍ ആഭ്യന്തര യുദ്ധം മുറുകിയതോടെ ഒരു രൂപ പോലും ശമ്പളം ലഭിക്കാതെ വെറും കയ്യോടെയാണ് സ്മിത മടങ്ങിയത്.

ഇതോടെ ലക്ഷങ്ങളുടെ കടബാധ്യത എങ്ങനെ വീട്ടുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സ്മിത. ഇപ്പോള്‍ മന്ത്രി കെഎം മാണി വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ സഹായം മാത്രമാണ് ഏക പ്രതീക്ഷ. ഇറാഖില്‍ നിന്ന് മടങ്ങുമ്പോള്‍ ലഭിക്കാനുള്ള തുക വാങ്ങി നല്‍കാമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. അജയകുമാര്‍ പറഞ്ഞിരുന്നു. ഈ തുക കിട്ടിയാല്‍ വലിയ ആശ്വാസമാകുമെന്ന് സ്മിത പറഞ്ഞു.

പഠനാവശ്യത്തിനായി എസ്ബിടി കുറവിലങ്ങാട് ശാഖയില്‍നിന്ന് വായ്പ എടുത്ത 1.15 ലക്ഷം രൂപ ഇപ്പോള്‍ പലിശയും കൂട്ടി 1.65 ലക്ഷം രൂപയോളമായി. ഇറാഖിലേക്കുള്ള വിസയ്ക്കും യാത്രാ ചെലവുകള്‍ക്കുമായി പലരില്‍ നിന്നായി വാങ്ങിയ രണ്ടു ലക്ഷം രൂപയുടെ അടബാധ്യതയും സ്മിതയുടെ ചുമലിലാണ്.

Scroll To Top