Tuesday December 06, 2016
Latest Updates

മംഗള്‍യാന്‍ വിജയകരമായി ലക്ഷ്യത്തിലെത്തി; ഇന്ത്യയ്ക്ക് ചരിത്രനേട്ടം

മംഗള്‍യാന്‍ വിജയകരമായി ലക്ഷ്യത്തിലെത്തി; ഇന്ത്യയ്ക്ക് ചരിത്രനേട്ടം

ബാംഗ്ലൂര്‍ : ഇന്ത്യയുടെ ചൊവ്വാ ദൌത്യമായ മംഗള്‍യാന്‍ വിജയകരമായി ലക്ഷ്യത്തിലെത്തി. ബഹിരാകാശ ഗവേഷണ രംഗത്ത് ആദ്യ ഉദ്യമത്തില്‍ തന്നെ ലക്ഷ്യം കണ്ട രാജ്യമെന്ന അപൂര്‍വ നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. ഇന്ത്യന്‍ സമയം 8.05 ന് മംഗള്‍യാന്‍ ലക്ഷ്യത്തിലെത്തി. തുടര്‍ന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മംഗള്‍യാനെ ചൊവ്വയുടെ ഭ്രമണ പദത്തില്‍ എത്തിക്കാനുള്ള ജ്വലന പരീക്ഷണം രാവിലെ 7.17 ന് ആരംഭിച്ചു. പേടകം 180 ഡിഗ്രി പുറം തിരിഞ്ഞതായും 7.12 ന് തന്നെ ചൊവ്വയുടെ നിഴലില്‍ ആയതായും ഐ എസ് ആര്‍ ഒ സ്ഥിരീകരിച്ചിരുന്നു.

ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ ഐ എസ് ആര്‍ ഒയില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനായിരുന്നു ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ പേടകം മംഗള്‍യാന്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. 666 ദശലക്ഷം കിലോമീറ്റര്‍ താണ്ടിയാണ് മംഗള്‍യാന്‍ ചൊവ്വയില്‍ എത്തിയത്. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ മംഗള്‍യാന്‍ പഠിക്കും.

കൊല്‍ക്കത്തയില്‍ വച്ച് നടന്ന നൂറാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ വച്ചാണ് മംഗള്‍യാന്റെ ആദ്യ പ്രഖ്യാപനം നടന്നത്. പിഎസ്എല്‍വിയുടെ പരിഷ്‌കൃത രൂപമായ പിഎസ്എല്‍വിഎക്‌സ്എല്‍ എന്ന വിക്ഷേപണ വാഹനത്തിലാണ് മംഗള്‍യാന്‍ ചൊവ്വയിലേക്ക് യാത്ര ചെയ്തത്. 450 കോടി രൂപ ചെലവഴിച്ചാണ് ഇന്ത്യ മംഗള്‍യാന്‍ പരീക്ഷണം പൂര്‍ത്തിയാക്കിയത്. അതേസമയം അമേരിക്കയുടെ ചൊവ്വാ ദൌത്യമായ 67 കോടി ഡോളറാണ് (4180 കോടി രൂപ) ചെലവായത്. ഇതോടെ ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വാദൌത്യം വിജയത്തിലെത്തിച്ച രാജ്യമെന്ന ബഹുമതിയും ഇന്ത്യക്ക് സ്വന്തായി.

ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് മംഗള്‍യാനിലുള്ളത്. ഇന്‍ഫ്രാറെഡ് തരംഗങ്ങളുടെ സഹായത്താല്‍ വിവരം ശേഖരിക്കാന്‍ കഴിയുന്ന ഉപകരണം, ഹൈഡ്രജന്‍ സാന്നിദ്ധ്യം കണ്ടെത്തുന്നതിനുള്ള ആല്‍ഫാ ഫോട്ടോമീറ്റര്‍, മീഥേന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേന്‍ സെന്‍സര്‍ തുടങ്ങിയ ഉപകരണങ്ങളാണ് മംഗള്‍യാനിലുള്ളത്. ശാസ്ത്രലോകം കാത്തിരിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ മംഗള്‍യാന്‍ കൈമാറും. മംഗള്‍യാന്റെ വിജയത്തോടെ ചൊവ്വാ ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കിയ അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി എന്നിവരുടെ കൂട്ടത്തില്‍ ഇനി ഇന്ത്യയ്ക്കും തലയുയര്‍ത്തി നില്‍ക്കാം.

 

Scroll To Top