Saturday December 03, 2016
Latest Updates

ഭൂരിപക്ഷം അയര്‍ലണ്ടുകാര്‍ക്കും സമ്പാദ്യശീലമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്

ഭൂരിപക്ഷം അയര്‍ലണ്ടുകാര്‍ക്കും   സമ്പാദ്യശീലമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഭൂരിപക്ഷം അയര്‍ലണ്ടുകാര്‍ക്കും സമ്പാദ്യശീലം നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്. അയര്‍ലണ്ടിലെ മൂന്നിലൊന്ന് പേര്‍ക്കും തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് സമ്പാദ്യത്തിനായി പണം മാറ്റി വയ്ക്കാന്‍ സാധിക്കുന്നില്ല. കെബിസിയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 35 വയസില്‍ താഴെ പ്രായമുള്ള 30 ശതമാനം പേര്‍ക്കും സമ്പാദ്യം ഒരു വിദൂര സ്വപ്നമായി മാറിയിരിക്കുകയാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ശമ്പളവും ചെലവഴിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. 

പുതിയ കണക്ക് പ്രകാരം അയര്‍ലണ്ടിലെ മൂന്നിലൊന്നു ആളുകള്‍ക്ക് സമ്പാദ്യശീലം അപ്രാപ്യമായിരിക്കുകയാണ്. 25 വയസിനും 35 വയസിനും ഇടയ്ക്ക്ക് പ്രായമുള്ളവര്‍ക്കാണ് സമ്പാദ്യശീലം ഏറെക്കുറെ അസാധ്യമായിരിക്കുന്നത്. കുട്ടികളുടെ പഠന ചെലവും മോര്‍ട്ട്‌ഗേജ് അടവുകളുമാണ് യുവാക്കളുടെ സമ്പാദ്യശീലത്തിനു വിലങ്ങുതടിയായി നില്ക്കുന്നത്. 

500 ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ 21 ശതമാനം പേര്‍ തങ്ങള്‍ക്ക് സാധിക്കുന്ന എല്ലാ അവസരത്തിലും പണം സമ്പാദിക്കാന്‍ ശ്രമിക്കുന്നവരാണ് ഇതില്‍ തന്നെ 12 ശതമാനം പേര്‍ അവധിദിനങ്ങള്‍ ആഘോഷിക്കാനായി പണം സമ്പാദിക്കുന്നവരാണ്. അവധി ദിനങ്ങള്‍ ആഘോഷിക്കാനായി സമ്പാദിക്കുന്നവരുടെ എണ്ണം 5 മാസം മുമ്പ് 7 ശതമാനമായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി സമ്പാദിക്കുന്നവര്‍ വെറും എട്ട് ശതമാനമാണ്. 

വീട്ടാവശ്യങ്ങള്‍ക്കായി സമ്പാദിക്കുന്നവര്‍ 6 ശതമാനവും ദീര്‍ഘകാല സമ്പാദ്യം എന്ന നിലയ്ക്ക് പണം മാറ്റി വയ്ക്കുന്നവര്‍ 8 ശതമാനവുമാണ്. നിലവില്‍ ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് സമ്പാദിക്കാന്‍ കഴിയുന്നില്ലെന്ന് അഭിപ്രായപ്പെട്ട 60 ശതമാനം പേരില്‍ പകുതി പേരും കൂടുതല്‍ ശമ്പളം ലഭിച്ചാല്‍ സമ്പാദ്യം ആരംഭിക്കാം എന്ന അഭിപ്രായക്കാരാണ്. 35 ശതമാനം പേര്‍ കടം വീട്ടുന്നതിനാണ് പ്രാഥമിക പരിഗണന കൊടുക്കുന്നത്.

Scroll To Top