Sunday December 11, 2016
Latest Updates

ഭവന വില ഉയരും :അടുത്ത വര്‍ഷത്തോടെ സ്വന്തമായി വീടെന്ന സ്വപ്‌നവുമായി രാജ്യത്തെ അഞ്ചിലൊന്നു വാടകക്കാര്‍

ഭവന വില  ഉയരും :അടുത്ത വര്‍ഷത്തോടെ സ്വന്തമായി വീടെന്ന സ്വപ്‌നവുമായി രാജ്യത്തെ അഞ്ചിലൊന്നു വാടകക്കാര്‍

ഡബ്ലിന്‍ :അയര്‍ലണ്ടിലെ താമസക്കാരായ ഇരുപതു ശതമാനത്തോളം വാടകക്കാരും അടുത്ത വര്‍ഷം വീടുവാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതുവര്‍ഷത്തോടനുബന്ധിച്ച് സ്വന്തമായ ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് പലരും.ഏജന്‍സികളിലും മറ്റും വന്‍ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതത്രെ.
വാടകയ്ക്ക് താമസിക്കുന്നവരില്‍ അഞ്ചില്‍ ഒരാള്‍ വീതം പറയുന്നത് അടുത്ത പന്ത്രണ്ടു മാസങ്ങള്‍ക്കുള്ളില്‍ സ്വന്തമായി വീട് വാങ്ങിക്കുമന്നാണ്. പുതിയ സര്‍വ്വേയുടെ കണക്കുകളാണ് ഇപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്നവരും മറ്റൊരു വീടിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയെന്നാണ് സര്‍വ്വേയില്‍ തെളിഞ്ഞിരിക്കുന്നത്.
കുടുംബങ്ങളെ ഉദ്ദേശിച്ച് രൂപകല്‍പന ചെയ്ത വീടുകള്‍ കുറവായതുകൊണ്ട് തന്നെ ഉള്ള വീടുകളുടെ വില ഇപ്പോള്‍ തന്നെ കുതിച്ചുയരുന്നതായാണ് ചാര്‍ട്ടേഡ് സര്‍വേയര്‍ അയര്‍ലണ്ട് സൊസൈറ്റിയുടെ (എസ്‌സിഎസ്‌ഐ) ആഭിമുഖ്യത്തില്‍ റെഡ് സി നടത്തിയ സര്‍വ്വേയില്‍ പറയുന്നത്. നഗരപ്രദേശങ്ങളിലെ വീടുകള്‍ക്കാണ് ഇപ്പോള്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്.
2012നെ അപേക്ഷിച്ച് ഭവന വില്‍പ്പനയെ അടിസ്ഥാനപ്പെടുത്തിയുള്ള വ്യാപാരം ഇത്തവണ കൂടുതലായിരിക്കുമെന്നാണ് സര്‍ഫേ ഫലം കാണിക്കുന്നതെന്ന് സര്‍വേയര്‍ ഗ്രൂപ്പിന്റെ പ്രസിഡണ്ട് മൈക്കല്‍ ഒ’കോണര്‍ പറഞ്ഞു.
ആയിരം ആളുകളില്‍ ഏഴുശതമാനംപേരും അടുത്ത വര്‍ഷത്തോടെ വീട് സ്വന്തമാക്കുമെന്നാണ് സര്‍വ്വേയില്‍ പറഞ്ഞിരിക്കുന്നതെന്നും ഒ’കോണര്‍ പറയുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ അഞ്ചുശതമാനം എന്ന കണക്കിനേക്കാള്‍ അധികമാണെന്നും ഒ’കോണര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വീടുകളുടെ കുറവ് നഗരപ്രദേശങ്ങളിലെ വിലവര്‍ദ്ധനവിന് കാരണമായിട്ടുണ്ടെന്നും ഒ’കോണര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
വളരെ സാധാരണ നിലയിലുള്ള ഒരു ഭവന വ്യാപാര മേഖല വരുന്നതിനായാണ് പലരും കാത്തിരിക്കുന്നതെന്നാണ് ഒ’കോണര്‍ അഭിപ്രായപ്പെടുന്നത്.
സ്‌കോട്ടലണ്ടിനെയും വെയില്‍സിനെയും നോര്‍ത്ത് അയര്‍ലണ്ടിനെയും അപേക്ഷിച്ച് വളരെ കുറഞ്ഞ തോതിലുള്ള അപാര്‍ട്‌മെന്റ്ഹൗസ് വ്യാപാരം മാത്രമാണ് ഇവിടെ നടക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
സ്‌കോട്ട്‌ലണ്ടിലെ അതേ ജനസംഖ്യ ആയിരുന്നിട്ടും ഇവിടെ ഭവന വ്യാപാരത്തിന് ഇത്രയേറെ ക്ഷാമം വരുന്നത് ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ അപാര്‍ട്‌മെന്റുകളായും കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള വീടുകളായും ഉണ്ടാക്കാത്തതാണെന്ന് സാവില്‍സിന്റെ എകണോമിക് ഏജന്റായ ജോണ്‍ മക്കാര്‍ട്‌നി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ 25,000 വീടുകളാണ് വില്‍പന നടത്തിയത്. എന്നാല്‍ സ്‌കോട്ട്‌ലണ്ടില്‍ 73,000 വീടുകളുടെ വില്‍പന നടന്നു. അയര്‍ലണ്ടിനെ അപേക്ഷിച്ച് 15ശതമാനത്തോളം കൂടുതല്‍ ജനസംഖ്യ സ്‌കോട്ടിലണ്ടിലാണ്.
ആയിരത്തിന് 5.47 ഭവന വില്‍പന മാത്രമാണ് ഇവിടെ നടക്കുന്നത്. അതേ സമയം 7.53 നോര്‍ത്തേണ്‍ അയര്‍ലണ്ടിലും 9.92 വെയില്‍സിലും 13.79 സ്‌കോട്‌ലണ്ടിലും നടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഉള്ളതിനേക്കാള്‍ 30മുതല്‍ 40ശതമാനം വരെ കുറവാണ് ഡബ്ലിന്‍ മാര്‍ക്കറ്റില്‍ ഭവന വ്യാപാരത്തിന്റെ എണ്ണം സൂചിപ്പിക്കുന്നത്. എന്തായാലും വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ശുഭ സൂചകമല്ലാത്ത റിപ്പോര്‍ട്ടുകള്‍ ആണിത്.വാടകനിരക്കുകള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 15 ശതമാനം വര്‍ദ്ധിച്ചതായുള്ള കണക്കുകളും ഇന്നലെ പുറത്തുവന്നിട്ടുണ്ട്

Scroll To Top