Tuesday December 06, 2016
Latest Updates

ഭക്തിയുള്ള സഖാക്കളെ മതാചാരങ്ങളില്‍ നിന്ന് വിലക്കേണ്ടതില്ലെന്ന് സി.പി.എം

ഭക്തിയുള്ള സഖാക്കളെ മതാചാരങ്ങളില്‍ നിന്ന് വിലക്കേണ്ടതില്ലെന്ന് സി.പി.എം

തിരുവനന്തപുരം: മതാചാരങ്ങളെ തള്ളിപ്പറയേണ്ടതില്ലെന്നും ഭക്തിയുള്ള സഖാക്കള്‍ ശബരിമലയ്ക്ക് പോകുന്നതില്‍ തെറ്റില്ലെന്നും സി.പി.എം പഠനക്ലാസില്‍ തീരുമാനം. ശബരിമല ദര്‍ശനവും മരണാനന്തരച്ചടങ്ങുകളും സഖാക്കള്‍ക്ക് നിഷിദ്ധമാക്കേണ്ടതില്ലെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു. കല്യാണ വീടുകളിലും മരണവീടുകളിലും പാര്‍ട്ടിപ്രവര്‍ത്തകര്‍ മേല്‍നോട്ടക്കാരായല്ല സ്വന്തം കാര്യം നടത്തുന്നവരായി വേണം പ്രവര്‍ത്തിക്കേണ്ടത്.

വിശ്വാസവും രാഷ്ട്രിയവും രണ്ടായിക്കണ്ട് ജനങ്ങളില്‍ സ്വീകാര്യതകൂട്ടാന്‍ നേതാക്കള്‍ ശ്രമിക്കണമെന്നുമാണ് നിര്‍ദേശം. ഇക്കാര്യം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരിലുമെത്തിക്കാന്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് സി.പി.എം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.

നേതാക്കളുടെ താന്‍പ്രമാണിത്തവും അഹങ്കാരവുമാണ് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റിയത്. ഇതില്‍ മാറ്റമുണ്ടാകണം. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടണം. ആരെങ്കിലും പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചാല്‍ അക്കാര്യം ഗൌരവത്തോടെ കാണണം. ഏതെങ്കിലും ഘടകം ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ മേല്‍ക്കമ്മറ്റി നടപടി സ്വീകരിക്കണം. നേതാക്കള്‍ ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കാനുള്ള വഴി തേടണം. ഇങ്ങനെ പോകുന്നു സി.പി.എം പഠന ക്ലാസിലെ നിര്‍ദേശങ്ങള്‍. സംസ്ഥാനജില്ലാ കമ്മറ്റി അംഗങ്ങള്‍ക്കുള്ള സംസ്ഥാന പഠനക്യാമ്പിന് ശേഷമാണ് അടിത്തറ ഭദ്രമാക്കാനുള്ള നിര്‍ദേശങ്ങളുമായി സി.പി.എം മേഖലാ പഠനക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

Scroll To Top