Saturday December 03, 2016
Latest Updates

സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തില്‍ മലയാളി നേഴ്‌സിനു പരിക്കേറ്റു

സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തില്‍ മലയാളി നേഴ്‌സിനു  പരിക്കേറ്റു

ഡബ്ലിന്‍ :ബ്ലാഞ്ചസ് ടൌണിലെ ജെയിംസ് കൊണോലി ആശുപത്രിക്ക് സമീപം മലയാളി നേഴ്‌സിനെ സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചു ഗുരുതരമായ പരിക്കേല്‍പ്പിച്ചു. ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് പോവുകയായിരുന്ന യുവതിയെ പിറകില്‍ നിന്നും സൈക്കിളില്‍ വന്ന അക്രമി  ആക്രമിച്ചു
താഴെയിടുകയായിരുന്നു.

ഇന്നലെ രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതി പിറകില്‍ വന്ന അക്രമി തന്നെ ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍ വേഗത കൂട്ടി നടന്നെങ്കിലും അക്രമി സൈക്കിളില്‍  വന്ന് ചവിട്ടുകയായിരുന്നു. എഴുനേറ്റു ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും യുവതിയുടെ മുഖത്തു ശക്തമായി ഇടിച്ച അക്രമി ബാഗും ഫോണും തട്ടിയെടുത്തു സൈക്കിളില്‍ പാഞ്ഞു പോയി.

വാട്ടര്‍ വില്ല അപ്പാര്‍ട്ട് മെന്റിന് സമീപം ആയിരുന്നു സംഭവം നടന്നത്. ആശുപത്രിയുടെ പിറകു വശത്ത് കൂടിയുള്ള വഴിയിലെ സെക്യൂരിറ്റി ഗേറ്റിനു സമീപം ഈ വര്‍ഷം നടക്കുന്ന എട്ടാമത്തെ ആക്രമണമാണിത്. മലയാളികള്‍ ഇതാദ്യമായാണ് അക്രമണത്തിനു ഇരയാകുന്നത്.
ലഹരിമരുന്നിനു അടിമകളായ ചെറുപ്പക്കാരാണ് പണം തട്ടാനുള്ള വ്യഗ്രതയില്‍ ആക്രമണം നടത്തുന്നതെന്ന് കരുതപ്പെടുന്നു.പണം കിട്ടിയില്ലെങ്കില്‍ വില കൂടിയ ഫോണാവും ഇവരുടെ ഉന്നം.

മലയാളികള്‍ അടക്കമുള്ള ആശുപത്രി ജീവനകാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്ന് ബ്ലാഞ്ചസ്‌ടൌണിലെ മലയാളികള്‍ ആവശ്യപ്പെട്ടു. ഗാര്‍ഡ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Scroll To Top