Friday December 09, 2016
Latest Updates

ബ്രിട്ടണില്‍ ആണവനിലയം: അയര്‍ലണ്ട് എതിര്‍ക്കും

ബ്രിട്ടണില്‍  ആണവനിലയം: അയര്‍ലണ്ട് എതിര്‍ക്കും

ബ്രിട്ടണില്‍ ആണവനിലയം സ്ഥാപിക്കാന്‍ ഫ്രഞ്ച് ആണവ ഭീമന്‍ ഇഡിഎഫ് പുതിയ പദ്ധതിക്ക് ഒരുങ്ങുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പുമായി ഐറിഷ് നാഷണല്‍ ട്രസ്റ്റ് ഓര്‍ഗനൈസേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. 18.9 ബില്ല്യണ്‍ യൂറോയാണ് ഇഡിഎഫ് പുതിയ ആണവനിലയത്തിനായി മാറ്റി വച്ചിരിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലുള്ള സമ്മര്‍സെറ്റിലെ ഹിങ്ക്‌ലി പോയിന്റ് സിയില്‍ രണ്ടു റിയാക്ടറുകള്‍ നിര്‍മ്മിക്കാനാണ് ഫ്രഞ്ച് കമ്പനി പദ്ധതിയിടുന്നത്. മറ്റൊരു ഫ്രഞ്ചു ആണവ ഗ്രൂപ്പായ അരേവയും ചൈനീസ് ആണവ ഗ്രൂപ്പായ സിജിഎന്‍പിസിയും സിഎന്‍എന്‍സിയും ഇഡിഎഫിന്റെ കൂടെ ഈ പദ്ധതി നടപ്പിലാക്കാന്‍ ചേരുന്നുണ്ട്.
മാസങ്ങളുടെ സഹകരണത്തിന്റെയും ചര്‍ച്ചകളുടെയും ഫലമായി ബ്രിട്ടന്റെ ആദ്യ ന്യൂക്ലിയര്‍ പ്ലാന്റ് സഫലമാകാന്‍ പോവുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
25,000ത്തോളം പുതിയ തൊഴില്‍ സംരഭങ്ങള്‍ തുടങ്ങാന്‍ പുതിയ ആണവനിലയത്തിന് സാധിക്കും എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. രണ്ടു റിയാക്ടറുകള്‍ക്കും കൂടി ഇപ്പോള്‍ ബ്രിട്ടന്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഏഴുശതമാനത്തോളം ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇത് 5ലക്ഷം വീടുകളിലെങ്കിലും വൈദ്യുതി ലഭ്യമാക്കാനും സഹായിക്കും.
എന്നാല്‍ ബ്രിട്ടന്റെ ആണവനിലയ പദ്ധതിക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണ് ഐറിഷ് നാഷണല്‍ ട്രസ്റ്റ് ഓര്‍ഗനൈസേഷന്‍. അയല്‍രാജ്യമായ അയര്‍ലണ്ടിലെ ജനങ്ങളെക്കുറിച്ച് ചിന്തിക്കുകയോ രാജ്യത്തോട് ആലോചിക്കുകയോ ചെയ്യാതെയാണ് ലണ്ടന്‍ ഇത്തരം ഒരു പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് ഐറിഷ് നാഷണല്‍ ട്രസ്റ്റ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു.
ഇത്തരം ആണവനിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റീജിയണല്‍ ഗവണ്‍മെന്റിനെയും ജനങ്ങളെയും കൂടി ഉള്‍പ്പെടുത്തി തീരുമാനങ്ങള്‍ എടുക്കണമായിരുന്നുവെന്നാണ് നാഷണല്‍ ട്രസ്റ്റിന്റെ വക്കീല്‍ വാദിക്കുന്നത്.
ആണവനിലയത്തിന് അനുമതി കൊടുത്തത് സംബന്ധിച്ച് ഒരു ജുഡീഷ്യല്‍ റിവ്യു ആവശ്യപ്പെട്ടിരിക്കുകയാണ് ഐറിഷ് നാഷണല്‍ ട്രസ്റ്റ്. ലണ്ടന്‍ ഹൈക്കോടതി ഡിസംബറോടെ തന്നെ ഇത് പരിഗണിക്കുമെന്നാണ് ഇപ്പോള്‍ കരുതുന്നത്.
അടുത്ത വര്‍ഷത്തോടെ പുതിയ പദ്ധതി ഉറപ്പിച്ചേക്കാം. 2023ഓടെ പവര്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യും.

Scroll To Top