Monday December 05, 2016
Latest Updates

‘ബ്രിജീത്’ സംഹാരം തുടരുന്നു :വെള്ളപ്പൊക്കം കൂടുതല്‍ ദിവസം തുടര്‍ന്നേക്കും

‘ബ്രിജീത്’ സംഹാരം തുടരുന്നു :വെള്ളപ്പൊക്കം കൂടുതല്‍ ദിവസം തുടര്‍ന്നേക്കും

ലിമറിക്ക് :നൂറുകണക്കിന് വീടുകളെയും ബിസിനസ് സ്ഥാപനങ്ങളെയും വെള്ളത്തിലാക്കിക്കൊണ്ട്ബ്രിജീത് എന്ന് പേരുള്ള ശക്തമായ കാറ്റും വേലിയേറ്റവും തുടരുന്നു. പല സ്ഥലങ്ങളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്.
രാജ്യത്തിന്റെ പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളെയാണ് കാലാവസ്ഥ വളരെ മോശമായി ബാധിച്ചിരിക്കുന്നത്. ലിമറിക്കിലെ വീടുകളില്‍ നിന്നും പ്രായമായവരെ ബോട്ടുകള്‍ ഉപയോഗിച്ച് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നിരുന്നു. ഷാനണ്‍ നദി ഇപ്പോഴും കരകവിഞ്ഞൊഴുകിക്കൊണ്ടിരിക്കുകയുമാണ്. തീരപ്രദേശങ്ങളില്‍ പലയിടങ്ങളിലും വെള്ളം കയറിയിരിക്കുന്നുമുണ്ട്.
പ്രദേശങ്ങലിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും അവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനും ലോക്കല്‍ കൗണ്‍സില്‍ അതോറിറ്റികള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയാണ്.
വേലിയേറ്റം കഴിഞ്ഞ ദിവസവും ഉണ്ടായിരുന്നുവെങ്കിലും ലിമറിക്കിലും പരിസര പ്രദേശങ്ങളിലും വെള്ളം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.
സിറ്റിയിലെ വെള്ളപ്പൊക്കം പ്രതീക്ഷിക്കാത്തതാണെന്നും ശക്തമായ കാറ്റും മഴയും വേലിയേറ്റവും തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനോ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുവാനോ സാധിക്കാത്ത അവസ്ഥയിലാവുമെന്നും സിറ്റി കൗണ്‍സില്‍ വക്താവ് അറിയിച്ചു.
വെള്ളപ്പൊക്കവും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ലിമറിക്ക് സിറ്റി കൗണ്ടി മാനേജര്‍ കോണ്‍ മുറെ ജനപ്രതിനിധികളെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.
കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വെള്ളപ്പൊക്കം വളരെ കൂടുതലായി ബാധിച്ച പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മുറെ പറഞ്ഞു.
വളരെ പെട്ടെന്ന് ഈ വെള്ളപ്പൊക്കവും കാറ്റും അവസാനിക്കാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ അറിയിക്കുന്നത്. കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചേക്കാമെന്നുമുള്ള റിപ്പോര്‍ട്ടുകളും വന്നു കൊണ്ടിരിക്കുകയുമാണ്.
തീരദേശസേനയും ശക്തമായ കാറ്റ് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
തിരമാലകളുടെ ചിത്രമെടുക്കാനെത്തിയവര്‍ കൂടുതലായും അപകടത്തില്‍പെടുകയാണെന്ന് സുരക്ഷാ സേന പറയുന്നു. ഇത്തരത്തില്‍ ഫോട്ടോ എടുക്കാന്‍ വരുന്നവര്‍ വളരെ അധികം ശ്രദ്ധ സ്വന്തം കാര്യത്തില്‍ കാണിക്കണമെന്നും അല്ലെങ്കില്‍ തിരമാലകളില്‍പെട്ട് അപകടം സംഭവിക്കുമെന്നും ഐറിഷ് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

Scroll To Top