Friday December 09, 2016
Latest Updates

ബി ജെ പി കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറക്കുക പത്തനംതിട്ടയില്‍ ?കണ്ണന്താനം മത്സരിച്ചേക്കും

ബി ജെ പി കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറക്കുക പത്തനംതിട്ടയില്‍ ?കണ്ണന്താനം മത്സരിച്ചേക്കും

കോട്ടയം :മുന്‍ കാഞ്ഞിരപ്പള്ളി എം എല്‍ എ അല്‍ഫോന്‍സ് കണ്ണന്താനം പത്തനംതിട്ട നിയോജക മണ്‍ഡലത്തില്‍നിന്ന് ഇത്തവണ ലോകസഭയിലേയ്ക്ക് മത്സരിച്ചേക്കും.ഇതിനുള്ള പിന്തുണയുമായി അദ്ദേഹം മണ്‍ഡലപര്യടനത്തിലാണിപ്പോള്‍ . തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലായിരിക്കുമെന്ന് കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി ഒറ്റക്ക് 200 നു മുകളില്‍ സീറ്റ് നേടുമെന്നും,കേരളത്തില്‍ ഇത്തവണ ബി ജെ പി അക്കൌണ്ട് തുറക്കുമെന്നും കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ജയിച്ചാല്‍ ശബരി റെയില്‍പ്പാതയും,പത്തനംതിട്ട ജില്ലയില്‍ അന്താരാഷ്ട്രവിമാനത്താവളവും യാഥാര്‍ഥ്യമാക്കുമെന്നും, പക്ഷെ ആറന്മുള വിമാനത്താവളത്തിനു പറ്റിയ സ്ഥലമല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം കണ്ണന്താനം എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കണ്ണന്താനത്തിന് വെള്ളാപ്പള്ളി എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കണ്ണന്താനത്തെ എസ് എസ് എന്‍ ഡി പി എതിര്‍ക്കേണ്ട കാര്യമൊന്നുമില്ലെന്ന് അദ്ദേഹം സ്വകാര്യ സംഭാഷണങ്ങളില്‍ ഇപ്പോള്‍ വ്യക്തമാക്കി കഴിഞ്ഞു. നേരത്തെ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയോട് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട മണ്‍ഡലത്തില്‍ സ്വാധീനമുള്ള ഇരു സഭകളുമായുള്ള ബി ജെ പി യുടെ , ചര്‍ച്ചകള്‍ക്ക് പാലമിട്ടത് കണ്ണന്താനം ആയിരുന്നു എന്നതിനാല്‍ തന്നെ അദ്ദേഹം മത്സരിച്ചാല്‍ ഇരു സഭകളും കയ്യയച്ചു സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബി ജെ പി. സീറോ മലബാര്‍ സഭാംഗം എന്ന നിലയില്‍ കാഞ്ഞിരപ്പള്ളി,പാലാ,ചങ്ങനാശ്ശേരി രൂപതകളുടെ പിന്തുണയും അദ്ദേഹം പ്രതീക്ഷിക്കുന്നു.

മുന്‍പ് കാഞ്ഞിരപ്പള്ളി എം എല്‍ എ എന്ന നിലയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ സര്‍വരുടെയും പിന്തുണ നേടിയെടുക്കുന്നതില്‍ അദ്ദേഹം ഏറെ വിജയിച്ചിരുന്നു.അത് കൊണ്ട് തന്നെ പൂഞ്ഞാര്‍ ,കാഞ്ഞിരപ്പള്ളി മണ്‍ഡലങ്ങളില്‍ ജനപ്രിയനാണ് കണ്ണന്താനം.

എസ് എന്‍ ഡി പിയുടെ കൂടി പിന്തുണയുണ്ടെങ്കില്‍ വിജയിക്കാനാകുമെന്നാണ് കണ്ണന്താനത്തിന്റെ പ്രതീക്ഷ. ഇരുമുന്നണികളോടും സമദൂര ശൈലി സ്വീകരിച്ചിരിക്കുന്ന എസ് എന്‍ ഡി പിക്ക് മോഡിയോടും ബി ജെ പിയോടും എതിര്‍പ്പില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസിലെ, കോണ്‍ഗ്രസിനോടാഭിമുഖ്യമില്ലാത്തവരുടെ പിന്തുണയും കണ്ണന്താനം മത്സരിച്ചാല്‍ അദ്ദേഹത്തിനു ലഭിച്ചേക്കും

ബി ജെ പി പിന്തുണയോടെ പി സി തോമസ് മൂവാറ്റുപുഴയില്‍ മത്സരിച്ചതിനു സമാനമായ അവസ്ഥ പത്തനംതിട്ടയില്‍ കണ്ണന്താനത്തിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഉണ്ടാക്കിയെടുക്കുന്നതിനാണ് ബി ജെ പി യുടെ ശ്രമം. ബി ജെ പി കേന്ദ്ര നേതാക്കള്‍ക്ക് പ്രിയങ്കരന്‍ കൂടിയായ അദ്ദേഹം പത്തനംതിട്ടയില്‍ ജയിക്കുകയും ,ബി ജെ പി അധികാരത്തില്‍ എത്തുകയും ചെയ്താല്‍ ക്യാബിനറ്റ് പദവിയില്‍ കുറഞ്ഞൊന്നും അദ്ദേഹത്തിന് നല്‍കാനുമാവില്ല.ഈ ഘടകങ്ങളൊക്കെ കണ്ണന്താനത്തിന് അനുകൂലമാണ്,മത്സരിച്ചാല്‍ കേരളത്തില്‍നിന്നും ആദ്യമായി ബി ജെ പി അക്കൗണ്ട് തുക്കുന്ന ലോകസഭാ മണ്‍ഡലമെന്ന ഖ്യാതി പത്തനംതിട്ടയ്ക്കായിരിക്കും എന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Scroll To Top