Tuesday December 06, 2016
Latest Updates

ബില്‍ ക്ലിന്റനുമായി പ്രണയത്തിലായിരുന്നെന്ന് മോണിക്ക ലെവിന്‍സ്‌കി

ബില്‍ ക്ലിന്റനുമായി പ്രണയത്തിലായിരുന്നെന്ന് മോണിക്ക ലെവിന്‍സ്‌കി

വാഷിംഗ്ടണ്‍ : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനുമായി താന്‍ പ്രണയത്തിലായിരുന്നെന്ന് വിവാദ നായിക മോണിക്ക ലെവിന്‍സ്‌കി. പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്‌സ് സംഘടിപ്പിച്ച ഒരു ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. അമേരിക്കയെ പിടിച്ച് കുലുക്കിയ ബില്‍ ക്ലിന്റന് പ്രസിഡന്റ് സ്ഥാനം വരെ നഷ്ടമാകുന്നതിന് ഇടയാക്കിയ ലൈംഗിക വിവാദത്തിലെ നായികയായ മോണിക്ക ലെവിന്‍സ്‌കി ഇത് ആദ്യമാണ് പൊതുവേദിയില്‍ ഇക്കാര്യം തുറന്നു പറയുന്നത്. ഞാന്‍ എന്റെ ബോസുമായി പ്രണയത്തിലായിരുന്നു, പക്ഷേ അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റായിരുന്നു മോണിക്ക പറഞ്ഞു. 1995 ലാണ് ക്ലിന്റനുമായി പ്രണയം തുടങ്ങിയതെന്നും മോണിക്ക പറഞ്ഞു. ആ ബന്ധം രണ്ടു വര്‍ഷം നീണ്ടുനിന്നു. 

എന്നാല്‍ ഇതിനിടെ പാപ്പരാസികള്‍ വിവരം മണത്തറിയുകയും ലോകമെങ്ങുമുള്ള മാധ്യമങ്ങളിലെ ചൂടുള്ള വാര്‍ത്തയായി ക്ലിന്റന്‍ മോണിക്ക ബന്ധം നിറയുകയും ചെയ്തു. അക്കാലത്ത താന്‍ അനുഭവിച്ച മാനസിക വ്യഥ വിവരിക്കാനാകാത്തതാണെന്നും മോണിക്ക ലെവിന്‍സ്‌കി പറഞ്ഞു. ഇന്റര്‍നെറ്റ് ഗോസിപ്പ് സൈറ്റുകളുടെ ആദ്യ ഇരയാണ് താനെന്നും മോണിക്ക ലെവിന്‍സ്‌കി പറഞ്ഞു.ദയാരഹിതമായി വാര്‍ത്തകള്‍ വിവാദമാക്കുകയും ആളുകളെ സ്വഭാവഹത്യ ചെയ്യുന്നതിന്റെയും ഇരയാണ് താനെന്നും അവര്‍ പറഞ്ഞു. 

തന്നെപ്പോലെ മാധ്യമ വിചാരണയുടെ ഇരയാകുന്നവര്‍ക്ക് വേണ്ടി ഇനിയുള്ള കാലം പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സുഹൃത്ത് സ്വവര്‍ഗാനുരാഗം രഹസ്യക്യാമറയില്‍ ഷൂട്ട് ചെയ്ത് ഇന്റര്‍നെറ്റില്‍ പരസ്യമാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു യു.എസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുടെ അനുഭവം മോണിക്ക വിശദീകരിച്ചു. അത്തരത്തില്‍ ഇന്റര്‍നെറ്റ് മാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുന്ന ഏല്ലാവര്‍ക്കും വേണ്ടിയും താന്‍ പ്രവര്‍ത്തിക്കുമെന്ന് അവര്‍ വ്യക്തമാക്കി. 

അമേരിക്കയെ ഇളക്കി മറിച്ച ലൈംഗിക വിവാദത്തിന് ശേഷം പത്ത് വര്‍ഷത്തോളം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതിരുന്ന മോണിക്ക ലെവിന്‍സ്‌കി കഴിഞ്ഞയിടെയാണ് വീണ്ടും പൊതുവേദികളില്‍ വന്നു തുടങ്ങിയത്. പ്രശസ്ത മാഗസിനായ വാനിറ്റി ഫെയറില്‍ കോളം എഴുതിക്കൊണ്ടാണ് അവര്‍ വീണ്ടും പൊതുരംഗത്ത് സജീവമായത്. തിങ്കളാഴ്ച ട്വിറ്ററില്‍ അക്കൌണ്ട് തുടങ്ങിയ മോണിക്ക ലെവിന്‍സ്‌കി ഇനി ട്വിറ്ററിലൂടെയും വിവാദങ്ങളോട് പ്രതികരിക്കും. തിങ്കളാഴ്ച ആദ്യ ട്വീറ്റിന് ശേഷം മണിക്കൂറുകള്‍ക്കകം 16,000 പേര്‍ മോണിക്ക ലെവിന്‍സ്‌കിയെ ഫോളോ ചെയ്യാന്‍ തുടങ്ങി

Scroll To Top