Sunday December 04, 2016
Latest Updates

ബില്‍ അടയ്ക്കാത്തവര്‍ക്കെതിരെ ഐറിഷ് വാട്ടര്‍ എന്ത് നടപടി സ്വീകരിക്കും?

ബില്‍ അടയ്ക്കാത്തവര്‍ക്കെതിരെ ഐറിഷ് വാട്ടര്‍ എന്ത് നടപടി സ്വീകരിക്കും?

ഡബ്ലിന്‍: പുതുക്കിയ ജലനിരക്ക് ഈ മാസം 1 ന് നിലവില്‍ വന്ന ശേഷവും ബില്‍ അടയ്ക്കില്ലെന്നു ശക്തമായ നിലപാടുമായി ഒരു വിഭാഗം. ഐറിഷ് വാട്ടര്‍ നടത്തിയ ഒരു സര്‍വേ പ്രകാരം 20 ശതമാനം വീടുകളെങ്കിലും പുതിയ ജലനിരക്ക് അടയ്ക്കില്ലെന്ന് റിപ്പോര്‍ട്ട്. 270,000 വീടുകളെങ്കിലും ബില്‍ അടയ്ക്കാതിരിക്കുമെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. പുതിയ നിരക്ക് പ്രകാരമുള്ള ആദ്യത്തെ ബില്‍ വരുന്ന ജനുവരിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ജലനിരക്ക് ഏര്‍പ്പെടുത്തിയ തീരുമാനത്തോട് യോജിക്കാനാകില്ല, പുതിയ ജലനിരക്ക് താങ്ങാനാകില്ല, ഐറിഷ് വാട്ടര്‍ വിതരണം ചെയ്യുന്നത് ഗുണനിലവാരമില്ലാത്ത വെള്ളമാണ് തുടങ്ങി വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കള്‍ ബില്ലടയ്ക്കില്ലെന്ന് വ്യക്തമാക്കിയത്. 

അതേസമയം ബില്‍ അടയ്ക്കാത്തവര്‍ക്കെതിരെ ഐറിഷ് വാട്ടര്‍ എന്ത് നടപടി സ്വീകരിക്കും? ഇലട്രിക് അയര്‍ലണ്ട്, ബോര്‍ഡ് ഗ്യാസ് തുടങ്ങിയ സ്ഥാപനങ്ങളെപ്പോലെ ഐറിഷ് വാട്ടറിന് ബില്‍ അടയ്ക്കാത്തവരുടെ കണക്ഷന്‍ കട്ട് ചെയ്യാന്‍ അധികാരമില്ല. ബില്‍ അടയ്ക്കാത്തവരുടെ കണക്ഷനിലേക്കുള്ള വെള്ളം നിയന്ത്രിക്കാന്‍ മാത്രമേ ഐറിഷ് വാട്ടറിന് അധികാരമുള്ളൂ. അതായത് പൂര്‍ണ്ണ തോതില്‍ ബെള്ളം ലഭിക്കില്ല. ചിലപ്പോള്‍ തുള്ളി തുള്ളിയായി ഇറ്റു വീഴുന്ന വിധം ജലവിതരണം നിയന്ത്രിക്കാനും ഐറിഷ് വാട്ടറിന് അധികാരമുണ്ട്. പ്രധാന നെറ്റ്വര്‍ക്കിലെ വ്യക്തിഗത കണക്ഷന്‍ ലൈനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി മാത്രമേ ജലവിതരണം നിയന്ത്രിക്കാന്‍ സാധിക്കൂ. 

അതേസമയം അവസാന മാര്‍ഗമെന്ന നിലയ്ക്ക് മാത്രമേ വെള്ളം നിയന്ത്രിക്കുന്നത് നടപടിയിലേക്ക് കടക്കൂ എന്ന് ഐറിഷ് വാട്ടര്‍ വ്യക്തമാക്കി. 278 യൂറോ അടയ്‌ക്കേണ്ട ഒരു കുടുംബം കോണ്‍ട്രാക്റ്റ് ഒപ്പിടാന്‍ വിസമ്മതിച്ചാല്‍ തുക 630 യൂറോ ആയി വര്‍ധിക്കും. ഇതും അടയ്ക്കാന്‍ വിസമ്മതിക്കുന്നവരുടെ വെള്ളം നിയന്ത്രിക്കാനാണ് ആലോചന. അവസാന മാര്‍ഗമെന്ന നിലയില്‍ ബില്‍ അടയ്ക്കാത്തവര്‍ക്കെതിരെ കോടതിയെ സമീപിക്കാനും ഐറിഷ് വാട്ടര്‍ ആലോചിക്കുന്നുണ്ട്.

കോണ്‍ട്രാക്റ്റ് ഒപ്പിട്ടാല്‍ തന്നെ ഡയറക്റ്റ് ഡെബിറ്റ് തുടങ്ങിയ പണമടവ് മാര്‍ഗങ്ങള്‍ ഒന്നും ആദ്യ ഘട്ടത്തില്‍ സ്വീകരിക്കാതിരിക്കുകയാവും നന്നെന്ന് പൊതു സമൂഹം കരുതുന്നുണ്ടെന്നാണ് വാര്‍ത്തകള്‍ . 

അതേസമയം പുതുക്കിയ നിരക്കിലുള്ള ബില്‍ അടയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ആന്റി വാട്ടര്‍ ക്യാംപെയ്ന്‍ ഗ്രൂപ്പുകളും സോഷ്യലിസ്റ്റ് ടിഡി രൂത്ത് കൊപ്പിങ്ങറെപ്പോലെയുള്ള നേതാക്കളും ഐറിഷ് വാട്ടറിനെതിരെ പ്രചരണം സജീവമാക്കിയിരിക്കുകയാണ്.ഐറിഷ് പാര്‍ലമെന്റില്‍ റൂത്ത് കൊപ്പിങ്ങര്‍ നടത്തിയ പ്രസംഗം അയര്‍ലണ്ടില്‍ വൈറലായി പ്രചരിക്കുന്നുണ്ട് 


Scroll To Top