Friday December 02, 2016
Latest Updates

ബാര്‍ കോഴ: മൊഴി നല്‍കാതെ ബാറുടമകള്‍ പിന്‍മാറുന്നു

ബാര്‍ കോഴ: മൊഴി നല്‍കാതെ ബാറുടമകള്‍ പിന്‍മാറുന്നു

തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ ബാരുടമകള്‍ മൊഴി നല്‍കാതെ ഒഴിഞ്ഞു മാറി. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ കുമാര്‍ ഉണ്ണിയാണ് ഇന്ന് മൊഴി നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറിയത്. കഴിഞ്ഞ ദിവസം മറ്റൊരു ബാറുടമയും മൊഴി നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറിയിരുന്നു. വിജിലന്‍സിന്റെ ക്വിക്ക് വേരിഫിക്കേഷനില്‍ മൊഴി രേഖപ്പെടുത്തിയ എട്ടു പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ച കോട്ടയത്തെ ബാറുടമ അസൗകര്യം ചൂണ്ടിക്കാട്ടി ഹാജരായില്ല. ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ച ബാറുടമ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു. ക്വിക്ക് വേരിഫിക്കേഷനില്‍ മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും മൊഴി എടുക്കാന്‍ അങ്ങോട്ട് ചെല്ലാമെന്നു പറഞ്ഞിട്ടും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ധനേശന്‍ മൊഴി നല്‍കിയില്ല.

തലസ്ഥാനത്തെ തന്നെ മറ്റൊരു ബാറുടമയായ സുനിലും വിജിലന്‍സ് നല്‍കിയ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറായില്ല. നാളെ ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയ ഒരു ബാറുടമയും ഒഴിഞ്ഞു മാറിയിരിക്കുകയാണ്. ജനുവരി പത്ത് വരെ ഹാജരാകാന്‍ 8 ബാറുടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും എത്ര പേര്‍ ഹാജരാകുമെന്ന് അന്വേഷണ സംഘത്തിനു തന്നെ നിശ്ചയമില്ല.

Scroll To Top