Saturday December 10, 2016
Latest Updates

ബാര്‍ കോഴ: ഗൂഡാലോചനക്കാരെ കണ്ടെത്താതെ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം അവസാനിപ്പിച്ചു

ബാര്‍ കോഴ: ഗൂഡാലോചനക്കാരെ കണ്ടെത്താതെ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം അവസാനിപ്പിച്ചു

കോട്ടയം: ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍. എന്നാല്‍ ഗൂഡാലോചനയ്ക്ക് പിന്നില്‍ ആരാണെന്ന് റിപ്പോര്‍ട്ട് മൌനം പാലിക്കുന്നു. സിഎഫ് തോമസ് അധ്യക്ഷനായ കമ്മീഷനാണ് ബാര്‍ കോഴ കേസിലെ ഗൂഡാലോചന അന്വേഷിച്ചത്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു പാര്‍ട്ടി ഉന്നതാധികാരസമിതിയുടെ നിര്‍ദേശം. രണ്ടുതവണ കമ്മിഷന്‍ യോഗം ചേര്‍ന്നെങ്കിലും ഗൂഢാലോചന നടത്തിയത് ആരെന്നു കണ്ടെത്താനാകാതെ അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഗൂഡാലോചനയ്ക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് പങ്കുണ്ടെന്നു ചീഫ് വിപ്പ് പിസി ജോര്‍ജ് ആരോപിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ ആരും പിന്തുണച്ചില്ല. സി.എഫ്. തോമസിനു പുറമേ ജോയി എബ്രഹാം എം.പി, ടി.എസ്. ജോണ്‍, ആന്റണി രാജു, ഫ്രാന്‍സിസ് ജോര്‍ജ്, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍. ആരോപണം ഉന്നയിച്ച ബാറുടമകളില്‍ പലരും മൊഴി നല്‍കാതെ ഒഴിഞ്ഞു മാറുകയാണ്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിവാദം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ്.

ഇതിനിടെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു വീണ്ടും വിവാദം സജീവമാക്കേണ്ടതില്ല എന്നാണു കേരള കോണ്‍ഗ്രസിലെ ധാരണ എന്നും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ടാണ് ഗൂഡാലോചനക്കാരെ കണ്ടെത്താതെ കമ്മീഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്നാണു റിപ്പോര്‍ട്ട്.

Scroll To Top