Tuesday December 06, 2016
Latest Updates

ബാര്‍ കോഴ: കെഎം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു

ബാര്‍ കോഴ: കെഎം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കെഎം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. പൂജപ്പുര സ്‌പെഷല്‍ വിജിലന്‍സ് സെല്ലാണ് കേസെടുത്തത്. മാണിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത കാര്യം കോടതിയെ അറിയിക്കാനും വിജിലന്‍സ് തീരുമാനിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കെഎം മാണിക്കെതിരെ കേസെടുക്കാമാമെന്ന് വിജിലന്‍സ് ലീഗല്‍ അഡ്‌വൈസര്‍ നിയമോപദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്.

ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ്, അദ്ദേഹത്തിന്റെ ഡ്രൈവര്‍, അക്കൌണ്ടന്റ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുക്കാമെന്നായിരുന്നു നിയമോപദേശം. ഈ നിയമോപദേശം അടങ്ങുന്ന അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച വൈകിട്ട് തന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയിരുന്നു.

മൊഴികളില്‍ കുറ്റകൃത്യം നടന്നുവെന്ന് വ്യക്തമായാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാമെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ലീഗല്‍ അഡ്‌വൈസര്‍ നിയമോപദേശം നല്‍കിയത്. അതേസമയം ബാര്‍ കോഴ അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റി. വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും ഇനി അന്വേഷണം നടത്തുക. എസ്പി എസ്.സുകേശനാണ് അന്വേഷണചുമതല.ആരോപണത്തില്‍ മാണിക്കെതിരെ കേസെടുത്തതോടെ അദ്ദേഹത്തിന്റെ രാജിക്കായി പ്രതിപക്ഷ ആവശ്യം ശക്തമാകും.

Scroll To Top