Friday December 09, 2016
Latest Updates

ബാര്‍ കോഴ ആരോപണം :കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഇടപെട്ടേക്കും 

ബാര്‍ കോഴ ആരോപണം :കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഇടപെട്ടേക്കും 

ന്യൂഡല്‍ഹി : ബാര്‍ കോഴക്കേസില്‍ മാനംകെട്ടു നില്‍ക്കുന്ന സര്‍ക്കാരിനു പുതിയ പ്രഹരമായി ബിജു രമേശ് പുറത്തുവിട്ട പുതിയ ശബ്ദരേഖ കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തിലെടുക്കുന്നു. നാലു കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ പറ്റിയിട്ടുണ്ടെന്നു വ്യക്തമാക്കുന്ന പുതിയ സംഭാഷണ ശകലം ഇന്നലെ ചാനലുകളിലൂടെ പുറത്തു വിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ഡല്‍ഹിയില്‍ സംഭവത്തെ നിരീക്ഷിച്ചു വരികയാണ്.കെ പി സി സി പ്രസിഡണ്ട് വി എം സുധീരനുമായി ഇത് സംബന്ധിച്ച് നിരവധി നേതാക്കള്‍ ചര്‍ച്ച നടത്തി കഴിഞ്ഞതായാണ് ലഭ്യമായ വിവരങ്ങള്‍

പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ കോഴ വാങ്ങിയ നാലു കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ പുറത്തു പറയുമെന്നു ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് രാജ്കുമാര്‍ (ഉണ്ണി) പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. വിജിലന്‍സിന് ബിജു രമേശ് കൈമാറിയ സി.ഡിയില്‍ ഉള്‍പ്പെട്ടതാണ് ഈ വിവരങ്ങള്‍.

ഇതുവരെ, ധനമന്ത്രി കെഎം മാണിയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു പുറത്തുവന്ന ശബ്ദരേഖകളും ആരോപണങ്ങളും. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പണം വാങ്ങിയെന്ന് ആരോപണം വന്നിരിക്കുകയാണ്.

ഇന്നത്തെ നിലയില്‍ പോയാല്‍ വരാനിരിക്കുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ നില ദയനീയമാരിക്കുമെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണിക്ക് അഭിപ്രായമുണ്ട്. ഈ അഭിപ്രായം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഗൗരവത്തിലെടുക്കുകയാണ്.

സര്‍ക്കാര്‍ നാള്‍ക്കുനാള്‍ മാനം കെട്ടുകൊണ്ടിരിക്കുകയും ദുര്‍ബലമായി തീരുകയും ചെയ്യുന്ന സ്ഥിതിയാണ്. ഇനിയും കേന്ദ്രം കൈയും കെട്ടി നോക്കിനിന്നാല്‍ പിന്നെയൊന്നും ചെയ്യാനുണ്ടാവില്ലെന്ന ഉപദേശമാണ് പാര്‍ട്ടി അദ്ധ്യക്ഷയ്ക്കു കിട്ടിയിരിക്കുന്നത്. കോണ്‍ഗ്രസിനു ഭരണമുള്ള സംസ്ഥാനങ്ങളില്‍ പ്രധാനമാണ് കേരളം. കേരളം കൂടി കൈവിടുന്ന സ്ഥിതി വന്നാല്‍ അതു പാര്‍ട്ടിക്കു കൂടുതല്‍ ദോഷമുണ്ടാക്കും. ഇതെല്ലാം തിരിച്ചറിഞ്ഞാണ് ഹൈക്കമാന്‍ഡ് ഇടപെടാന്‍ ഒരുങ്ങുന്നത്.

Scroll To Top