Sunday December 11, 2016
Latest Updates

ബാങ്ക് ഹോളിഡേ വാരാന്ത്യം: ഐറിഷ് വിമാനത്താവളങ്ങളില്‍ വന്‍ ജനത്തിരക്ക്,യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് അധികൃതര്‍ 

ബാങ്ക് ഹോളിഡേ വാരാന്ത്യം: ഐറിഷ് വിമാനത്താവളങ്ങളില്‍ വന്‍ ജനത്തിരക്ക്,യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് അധികൃതര്‍ 

ഡബ്ലിന്‍: ബാങ്ക് ഹോളിഡേ വാരാന്ത്യം ആഘോഷിക്കാന്‍ അയര്‍ലണ്ടില്‍ നിന്ന് ആയിരക്കണക്കിന് സഞ്ചാരികള്‍ വിമാനം കയറുന്നു. ഇതോടെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളില്‍ ജനത്തിരക്ക് വര്‍ദ്ധിച്ചു. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ മാത്രം വരും ദിവസങ്ങളില്‍ 310,000 യാത്രക്കാര്‍ സഞ്ചരിക്കുമെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം വര്‍ദ്ധിച്ചു. നോക്കിലെ അയര്‍ലണ്ട് വെസ്റ്റ് എയര്‍പോര്‍ട്ടിലൂടെ 15,000 അധികം യാത്രക്കാര്‍ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനയാണ് നോക്ക് എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. വിമാന യാത്രചെയ്യുന്നവര്‍ തിരക്ക് കണക്കിലെടുത്ത് 90 മിനിറ്റ് മുമ്പെങ്കിലും എയര്‍പോര്‍ട്ടില്‍ എത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ബാങ്ക് ഹോളിഡേ വാരാന്ത്യം ആയതോടെ അയര്‍ലണ്ടിലെ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധന ഉണ്ടായി. 250,000ത്തില്‍ അധികം യാത്രക്കാരെങ്കിലും ഈ വാരാന്ത്യത്തില്‍ ട്രെയിനില്‍ യാത്ര ചെയ്യുമെന്നു ഐറിഷ് റെയില്‍ വക്താവ് പറഞ്ഞു. ഗാല്‍വെ കുതിരയോട്ട മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഗാല്‍വെയിലേക്കും ജിഎഎ മത്സര വേദിയിലേക്കും പതിവില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നുണ്ട്.

ഐറിഷ് തുറമുഖങ്ങളിലും തിരക്ക് വര്‍ദ്ധിച്ചതായി ഐറിഷ് ഫെറി വക്താവ് പറഞ്ഞു.അതേസമയം ബാങ്ക് ഹോളിഡേ വാരാന്ത്യം ആഘോഷിക്കാന്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡയും റോഡ് സേഫ്റ്റി അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. 2009 ന് ശേഷം ബാങ്ക് ഹോളിഡേ വാരാന്ത്യങ്ങളില്‍ മാത്രം 42 പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് കണക്കിലെടുത്ത് വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.

Scroll To Top