Sunday December 04, 2016
Latest Updates

ബാങ്ക് വായ്പയ്ക്ക് ആവശ്യക്കാരേറുന്നു

ബാങ്ക് വായ്പയ്ക്ക് ആവശ്യക്കാരേറുന്നു

മുംബൈ: പലിശ ഇളവിന്റെ പാതയിലേക്ക് ഇന്ത്യയും കടന്നതോടെ ബാങ്ക് വായ്പയ്ക്ക് പ്രിയമേറുന്നു. ഫെബ്രുവരി 20ന് അവസാനിച്ച ദ്വൈവാരത്തില്‍ ബാങ്കുകള്‍ അനുവദിച്ച വായ്പ 64.53 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷത്തില്‍ ഇത് 58.45 ലക്ഷം കോടി രൂപയായിരുന്നു. 10.39 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഈ ഇനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പലിശ കുറയ്ക്കാത്ത രാജ്യമെന്ന മോശം പ്രതിച്ഛായ ഏറെ നാളായി ഇന്ത്യക്കുണ്ടായിരുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ജപ്പാനും ചൈനയും വികസനക്കുതിപ്പിനായി പലിശ നിരക്ക് കുറച്ചപ്പോഴും ഇന്ത്യക്ക് കുലുക്കമൊന്നുമുണ്ടായിരുന്നില്ല. ബിസിനസ് ലോകത്തു നിന്നും കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്നുമുള്ള സമ്മര്‍ദ്ദം സഹിക്കാനാകാതെ, ജനുവരിയില്‍ റിസര്‍വ് ബാങ്ക് ധന അവലോകന നയത്തിന് കാത്തു നില്‍ക്കാതെ മുഖ്യ പലിശ നിരക്കുകളില്‍ ഇളവ് വരുത്തി. തുടര്‍ന്ന്, ചില ബാങ്കുകളും പലിശ ഇളവ് പ്രഖ്യാപിച്ചു.

പലിശ കുറയുന്നുവെന്ന പ്രതീതി ഉണ്ടായതാണ് ബാങ്ക് വായ്പകള്‍ക്ക് ഡിമാന്‍ഡ് കൂടാന്‍ കാരണമായത്. കഴിഞ്ഞ ദിവസവും റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ റിപ്പോ നിരക്ക് അപ്രതീക്ഷിതമായി കുറച്ചിരുന്നു. ഫെബ്രുവരി 20ന് അവസാനിച്ച ദ്വൈവാരത്തില്‍ ബാങ്ക് നിക്ഷേപങ്ങള്‍ 11.85 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 75.76 ലക്ഷം കോടി രൂപയില്‍ നിന്ന് 84.74 ലക്ഷം കോടി രൂപയിലേക്കാണ് നിക്ഷേപം ഉയര്‍ന്നത്.

മൊത്തം നിക്ഷേപത്തില്‍ 73.3 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ്. സ്വകാര്യ ബാങ്കുകളില്‍ ഇത് 19.2 ശതമാനമാണ്. വായ്പകളില്‍ 71.2 ശതമാനമാണ് പൊതുമേഖലാ ബാങ്കുകളുടെ വിഹിതം. സ്വകാര്യ ബാങ്കുകളുടെ പങ്ക് 21 ശതമാനം.

 

Scroll To Top