Sunday December 04, 2016
Latest Updates

ബാങ്ക് ഓഫ് അയര്‍ലണ്ട് 1500 പഴയ വീടുകള്‍ വില്‍ക്കുന്നു; പുതിയ വീടുകള്‍ക്ക് 250 മില്യന്‍ യൂറോയുടെ  വായ്പയും പ്രഖ്യാപിച്ചു

ബാങ്ക് ഓഫ് അയര്‍ലണ്ട് 1500 പഴയ വീടുകള്‍ വില്‍ക്കുന്നു; പുതിയ വീടുകള്‍ക്ക് 250 മില്യന്‍ യൂറോയുടെ  വായ്പയും പ്രഖ്യാപിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് രംഗത്ത്. പഴയ 1500 വീടുകള്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് വില്‍പ്പനയ്ക്കായി വച്ചു. കൂടാതെ പുതിയ വീടുകളുടെ നിര്‍മ്മാണത്തിനായി 250 മില്യന്‍ യൂറോ ധനസഹായം നല്‍കുമെന്നും ബാങ്ക് ഓഫ് അയര്‍ലണ്ട് പ്രഖ്യാപിച്ചു. ബാങ്ക് ഓഫ് അയര്‍ലണ്ട് കണ്ടെത്തിയ 1500 വീടുകളുടെ വില്‍പ്പന ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കും.ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ജൂണ്‍ വരെയുള്ള പ്രോഫിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പഴയ വീടുകള്‍ കണ്ടെത്തി വില്‍ക്കാനുള്ള ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ പ്രഖ്യാപനം ഐറിഷ് ഭവന വിപണിയില്‍ ചലനം സൃഷ്ടിക്കുമെന്ന് തീര്‍ച്ചയാണ്. തലസ്ഥാന നഗരിയിലാണ് ഏറ്റവുമധികം ഭവന പ്രതിസന്ധി നേരിടുന്നത്.മോര്‍ട്ട്‌ഗേജ് അടയ്ക്കാത്തവര്‍ ഉപേക്ഷിച്ചതും,നിയമ നടപടികള്‍ മുഖേനെ ബാങ്കിനു ലഭിച്ചതും കൂടാതെ പൊതുവിപണിയില്‍ നിന്നും ബാങ്ക് കണ്ടെത്തിയതുമായ വീടുകളാണ് ബാങ്ക് ഓഫ് അയര്‍ലണ്ടിനുള്ളത് ഡബ്ലിനില്‍ ആവശ്യത്തിനു വീടുകള്‍ ലഭ്യമല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ രാജ്യത്തിന്റെ മറ്റ് മേഖലകളില്‍ വീടുകളുടെ ആധിക്യമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തെ റിപ്പോര്‍ട്ട് പ്രകാരം 5400 വീടുകള്‍ വിറ്റഴിച്ചു.

ബാങ്ക് കണ്ടെത്തിയ 1500 വീടുകള്‍ കൂടി വില്‍പ്പനയ്ക്ക് തയ്യാറാകുന്നതോടെ ഭവന വിപണിയിലെ പ്രതിസന്ധിക്ക് അല്‍പ്പം അയവുണ്ടാകും. 1500 വീടുകള്‍വില്‍പ്പനയ്ക്കായി കണ്ടെത്തിയതിനു പുറമേയാണ് 250 മില്യന്‍ യൂറോ ഭവന നിര്‍മ്മാണത്തിനായി നല്‍കുമെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് പ്രഖ്യാപിച്ചത്. ബാങ്ക് ഓഫ് അയര്‍ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ്റ്റി ബൌച്ചര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ആവശ്യത്തിന് ആനുപാതികമായി വീടുകളുടെ വിതരണം
വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരും നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

അടുത്ത നാല് വര്‍ഷം കൊണ്ട് 25,000 ഹൌസിംഗ് യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ എസ്‌ഐപിടിയു 3.7 ബില്യന്‍ യൂറോ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാങ്ക് ഓഫ് അയര്‍ലണ്ട് പുതിയ വീടുകളുടെ നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിച്ചത്. 5000 പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന് എഐബിയും പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ഡവലപ്പര്‍മാരുമായി ചര്‍ച്ച ആരംഭിച്ചതായി എഐബി ബാങ്ക് അധികൃതര്‍ അറിയിച്ചു

Scroll To Top