Thursday December 08, 2016
Latest Updates

ബാങ്ക് ഓഫ് അയര്‍ലണ്ട് ഓവര്‍ ഡ്രാഫ്റ്റുകള്‍ തിരിച്ചു പിടിയ്ക്കാന്‍ ഒരുങ്ങുന്നു

ബാങ്ക് ഓഫ് അയര്‍ലണ്ട്  ഓവര്‍ ഡ്രാഫ്റ്റുകള്‍ തിരിച്ചു പിടിയ്ക്കാന്‍ ഒരുങ്ങുന്നു

ഡബ്ലിന്‍ :പുതുവര്‍ത്തോടെ പേഴ്‌സണല്‍ ബാങ്ക് അക്കൗണ്ടുകളുടെയും ഓവര്‍ഡ്രാഫ്റ്റുകളുടെയും ചട്ടങ്ങളിലും നിയമങ്ങളിലും മാറ്റം വരുത്തുവാന്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് തീരുമാനിച്ചു. ഓവര്‍ഡ്രാഫ്ര്റ്റുകളുടെ റീപേമെന്റ് തീരുമാനവുമായി ബന്ധപ്പെട്ട പൂര്‍ണ്ണ അധികാരങ്ങളും ബാങ്കിനു നല്‍കുന്ന വിധത്തിലായിരിക്കും ഈ മാറ്റങ്ങള്‍ വരുത്തുക.

ദേശീയ മാധ്യമങ്ങളില്‍ കഴിഞ്ഞ ഡിസംബര്‍ 28ന് ഇതുമായി ബന്ധപ്പെട്ട പരസ്യ പ്രഖ്യാപനം ബാങ്ക് ഓഫ് അയര്‍ലണ്ട് നടത്തുകയും ചെയ്തിരുന്നു. പേഴ്‌സണല്‍ അക്കൗണ്ടുകളുടെയും പേഴ്‌സണല്‍ ഓവര്‍ ഡ്രാഫ്റ്റുകളുടെയും നിയമങ്ങളും ചട്ടങ്ങളും മാറ്റം വരുത്തുകയാണെന്ന് ഉപഭോക്താക്കളെ അറിയിച്ചുകൊണ്ടുള്ളതായിരുന്നു പരസ്യം.
ഇപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ഒപ്പം പുതുതായി ആറോളം കണ്ടീഷനുകള്‍ കൂടി ഉള്‍പ്പെടുത്താനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് ഒന്നോടുകൂടിതന്നെ ഇതു പ്രാവര്‍ത്തികമാക്കിത്തുടങ്ങുമെന്നാണ് അറിയിപ്പുകള്‍ സൂചിപ്പിക്കുന്നത്.
അനുവദിക്കപ്പെട്ട ഓവര്‍ഡ്രാഫ്റ്റ് ലിമിറ്റുകള്‍ അനുസരിച്ച് ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്നും അധികം പണം ഈടാക്കുമെന്നുള്ളതാണ് പുതുതായി ചേര്‍ക്കപ്പെട്ടിട്ടുള്ള ആദ്യത്തെ കണ്ടീഷന്‍. ബാങ്ക് ആവശ്യപ്പെടുകയാണെങ്കില്‍ ഓവര്‍ഡ്രാഫ്റ്റ് മുഴുവനായും ഉപഭോക്താക്കള്‍ പെട്ടന്ന് തന്നെ അടക്കേണ്ടി വരും. ഇത്തരത്തില്‍ അടവു നടപടികള്‍ സ്വീകരിക്കാന്‍ ബാങ്ക് മുന്നേതന്നെ നോട്ടീസ് നല്‍കണമെന്നുമില്ല.

അനുവദിച്ചിരുന്ന ഓവര്‍ഡ്രാഫ്റ്റുകള്‍ കാന്‍സല്‍ ചെയ്യാന്‍ ബാങ്കിന് അധികാരമുണ്ടെന്നും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ക്രഡിറ്റ്‌ലോ അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.

പുതിയ കണ്ടീഷനുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല എങ്കില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ കോണ്‍ട്രാക്റ്റുകള്‍ പിന്‍വലിക്കാനുള്ള പൂര്‍ണ്ണ അധികാരവും ഉണ്ട്. എന്നാല്‍ അത് മാര്‍ച്ച് ഒന്നിനു മുന്‍പ് പിന്‍വലിച്ചിരിക്കണം. അതല്ലെങ്കില്‍ അവര്‍ കണ്ടീഷനുകള്‍ അനുസരിക്കാന്‍ തയ്യാറായതായി കണക്കാക്കപ്പെടുകയും ചെയ്യും.

ബേസല്‍ ത്രീ അനുസരിച്ചുള്ള മാറ്റങ്ങളാണ് ബാങ്ക് നിയമങ്ങളിലും ചട്ടങ്ങളിലും വരുത്താന്‍ പോകുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
60 ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ഉപഭോക്താക്കള്‍ക്ക് ഇത്തരം മാറ്റങ്ങളെക്കുറിച്ചുള്ള അറിവ് നല്‍കുക എന്ന സാധാരണ നിലയിലുള്ള പ്രവര്‍ത്തി അനുസരിച്ചാണ് ഡിസംബര്‍ അവസാനത്തോടെ തന്നെ ബാങ്ക് മാറ്റവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്.

.

Scroll To Top