Friday December 09, 2016
Latest Updates

ബാഗ്ദാദിലെ അല്‍ യാര്‍മുക് ടീച്ചിങ് ആശുപത്രിയില്‍ 38 മലയാളി നഴ്‌സുമാര്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ബാഗ്ദാദിലെ അല്‍ യാര്‍മുക് ടീച്ചിങ് ആശുപത്രിയില്‍ 38 മലയാളി നഴ്‌സുമാര്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ബാഗ്ദാദ്: കലാപം രൂക്ഷമായ തിക്രിത്തില്‍ കുടുങ്ങിയ നഴ്‌സുമാര്‍ക്ക് പിന്നാലെ ബാഗ്ദാദില്‍ ജോലി  ചെയ്യുന്ന മലയാളി നഴ്‌സുമാരും ഭീതിയില്‍. തിക്രിത്തിലെ ആശുപത്രിയില്‍ 44 മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ബാഗ്ദാദിലെ അല്‍ യാര്‍മുക് ടീച്ചിങ് ആശുപത്രിയില്‍ 38 മലയാളി നഴ്‌സുമാര്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആര്‍ക്കും പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത വിധം ഏറ്റുമുട്ടല്‍ രൂക്ഷമാണ്.

അതിനിടെ ഇറാഖില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ഇറാഖ് സ്ഥാനപതി അഹമ്മദ് ബര്‍വാരി ഇന്ത്യയെ അറിയിച്ചു. ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇറാഖ് സ്ഥാനപതി അറിയിച്ചു. ഇന്ത്യന്‍ പൌരന്മാരുടെ സുരക്ഷയ്ക്കായി എല്ലാ നിര്‍ദ്ദേശങ്ങളും ഇറാഖ് പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

മൊസൂളില്‍ തീവ്രവാദികള്‍ ബന്ധിയാക്കിയവര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുദ്ധബാധിതപ്രദേശത്ത് കുടുങ്ങിയ 16 ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസം രക്ഷപ്പെട്ട വിവരവും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ആകാശമാര്‍ഗം കലാപബാധിത പ്രദേശത്ത് നിന്ന് പുറത്ത് എത്തിക്കുകയായിരുന്നു.

Scroll To Top