Friday December 09, 2016
Latest Updates

ബാംഗ്ലൂര്‍ ഡേയ്‌സിലെ ഗാനം കോപ്പിയടി വിവാദത്തില്‍,ബ്രയന്‍ ആഡംസ് നിയമ നടപടിയ്ക്ക് 

ബാംഗ്ലൂര്‍ ഡേയ്‌സിലെ ഗാനം കോപ്പിയടി വിവാദത്തില്‍,ബ്രയന്‍ ആഡംസ് നിയമ നടപടിയ്ക്ക് 

ചെന്നൈ : മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബാംഗ്ലൂര്‍ ഡേയ്‌സിലെ ഗാനം കോപ്പിയടിയെന്ന് ആരോപണം . ‘കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും കനവാണ് ബംഗുളുരു’ എന്ന് തുടങ്ങുന്ന ഗാനമാണ് വിവാദത്തിലായത്.
ലോക പ്രശസ്ത ഗായകന്‍ ബ്രയന്‍ ആഡംസിന്റെ ‘സമ്മര്‍ ഒഫ് 69’ എന്ന ഗാനത്തിന്റെ കോപ്പിയടിയാണ് ഗാനമെന്നാണ് വിവാദം. ഗോപി സുന്ദറാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയത്. ചിത്രത്തിനെതിരെ നടപടികളുമായി മുന്നോട്ട് പോവാന്‍ ബ്രയന്‍ ആഡംസിന്റെ ഓഫീസ് തീരുമാനിച്ചതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രയന്‍ ആഡംസിന്റെ ഗാനത്തിലെ ഈണങ്ങള്‍ ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഉപയോഗിച്ചതായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

‘എന്നാല്‍ അത് നല്ല ഉദ്ദേശ്യത്തോടെയായിരുന്നു. ജനങ്ങള്‍ക്ക് ആസ്വാദ്യകരമാക്കുന്നതിന് പൂര്‍ണ്ണ ബോധ്യത്തോടെ ഉപയോഗിച്ചതാണ്.

എന്നാല്‍, പാട്ടിലെ മെലഡി നോട്‌സ് തികച്ചും വ്യത്യസ്തമാണ്. സംഗീതം ആഴത്തില്‍ അറിയുന്നവര്‍ക്കേ അത് മനസ്സിലാവൂ. ഈ പാട്ട് ഇഷ്ടമില്ലെങ്കില്‍ അതിനെ വെറുതെ വിടൂ. വിവാദത്തിന്റെ ആവശ്യമില്ല’ റിപ്പോര്‍ട്ടില്‍ ഗോപീ സുന്ദറിന്റെ വാക്കുകള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു.

ബ്രയന്‍ ആഡംസിന്റെ ഗാനം ഉപയോഗിക്കുന്നതിന് ബാംഗ്ലൂര്‍ ഡേയ്‌സിന്റെ നിര്‍മാതാക്കള്‍ക്ക് പകര്‍പ്പവകാശമോ അനുമതിയോ ഇല്ലായിരുന്നു എന്നും ഗോപി സുന്ദര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഗാനത്തിന്റെ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതായി കാനഡയിലെ വാന്‍കൂവറില്‍ പ്രവര്‍ത്തിക്കുന്ന ബ്രയാന്‍ ആഡംസിന്റെ ഓഫീസിലെ ഉദ്യോഗസ്ഥനായ മൈക്കിള്‍ ലാര്‍സന്‍ പത്രത്തിന് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി. പകര്‍പ്പവകാശ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ നടപടികളുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം അറിയിച്ചു.

1984 ല്‍ റെക്കോര്‍ഡ് ചെയ് ഗാനമാണ് ബ്രയന്‍ ആഡംസിന്റെ സമ്മര്‍ ഒഫ് 69. മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഗാനത്തിന്റെ രചനയും സംഗീതവും ബ്രയന്‍ ആഡംസ് തന്നെയാണ്. എ ആന്റ് എം റെക്കോര്‍ഡ്‌സിന്റെ ബാനറില്‍ 1985ല്‍ പുറത്തിറങ്ങിയ ആഡംസിന്റെ നാലാമത്തെ സിംഗിള്‍ ആല്‍ബമായ ‘റെക് ലസി’ലാണ് ഈ ഗാനം ഉള്‍പ്പെട്ടത്. ആഡംസിന്റെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിലൊന്നാണിത്.

Scroll To Top