Sunday December 04, 2016
Latest Updates

ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ വക ബെന്‍സ്, കരണ്ട് ചാര്‍ജ് ഒന്നര ലക്ഷം, ഷീല ദീക്ഷിത് ഖജനാവ് കാലിയാക്കുന്നു

ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ വക ബെന്‍സ്, കരണ്ട് ചാര്‍ജ് ഒന്നര ലക്ഷം, ഷീല ദീക്ഷിത് ഖജനാവ് കാലിയാക്കുന്നു

തിരുവനന്തപുരം: സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗവര്‍ണര്‍ ഷീല ദീക്ഷിതിന്റെ ധൂര്‍ത്ത് വിവാദമാകുന്നു. ഖജനാവ് കൊള്ളയടിക്കുന്ന ആഡംബര ജീവിതമാണ് ഷീല ദീക്ഷിത് നയിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം രാജ്ഭവന്റെ സ്വീകരണമുറിയും മറ്റും മോടിയാക്കാന്‍ 3,81,025 രൂപ ചെലവഴിച്ചു. ഇതിനു പുറമേ ഗവര്‍ണര്‍ക്ക് ഭക്ഷണം വച്ച് വിളമ്പുന്ന അഞ്ച് പേര്‍ക്ക് കൂടി 1,14,123 രൂപയാണ് ശമ്പളം നല്‍കുന്നത്. ഷീല ദീക്ഷിതിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് രാജ്ഭവനില്‍ തമ്പടിച്ച് ഖജനാവ് കാലിയാക്കിക്കൊണ്ടിരിക്കുന്നത്.

ഷീല ദീക്ഷിത് താമസത്തിനു എത്തിയതോടെ രാജ്ഭവനിലെ സോഫകളും ഫര്‍ണിച്ചറുകളും ഉള്‍പ്പെടെ എല്ലാം പുതിയത് വാങ്ങി. ഇതിനും ലക്ഷങ്ങള്‍ പൊടിച്ചു. മുന്‍ ഗവര്‍ണറുടെ കാലത്ത് രാജ്ഭവനിലെ പ്രതിമാസ വൈദ്യുതി ബില്‍ അരലക്ഷത്തിനു താഴെ ആയിരുന്നത് ഇപ്പോള്‍ ഒന്നര ലക്ഷം രൂപയായി. സ്ഥാനം ഏറ്റതിന് ശേഷം ഷീല സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മിക്ക സ്ഥലങ്ങളിലും പോകുമ്പോള്‍ ഷീല ദീക്ഷിത് വിമാനത്തിലാണ് പോകുന്നത്. തൃശൂര്‍ പൂരം കാണാന്‍ അഞ്ചംഗ അകമ്പടി സംഘത്തോടൊപ്പം ഷീല ദീക്ഷിത് കൊച്ചിയില്‍ വിമാനം ഇറങ്ങിയ ശേഷമാണ് തൃശൂരിലേക്ക് കാറില്‍ പോയത്.

ഷീല ദീക്ഷിതിന്റെ സഹോദരിമാരും മക്കളും കൊച്ചു മക്കളും രാജ്ഭവനിലുണ്ട്. ഇവര്‍ക്കെല്ലാം സഞ്ചരിക്കാന്‍ സര്‍ക്കാര്‍ വാഹനം തന്നെ വേണം. മെര്‍സിഡസ് ബെന്‍സും കാമ്രിയുമാണ് സര്‍ക്കാര്‍ ഷീല ദീക്ഷിതിനു നല്കിയിരിക്കുന്നത്. ഈ വാഹനങ്ങളിലാണ് ബന്ധുക്കളുടെയും യാത്ര. മൂന്നാര്‍ ,തേക്കടി, ചിന്നാര്‍ ,കുമരകം, കൊച്ചി എന്നിവടങ്ങളില്‍ എല്ലാം ഷീല ദീക്ഷിതും ബന്ധുക്കളും ഔദ്യോഗിക കാറില്‍ സഞ്ചരിച്ചു. ഗവര്‍ണറുടെ ഔദ്യോഗിക വാഹനങ്ങള്‍ പ്രതിമാസം 50,000 കിലോമീറ്ററാണ് ഓടുന്നത്.

Scroll To Top