Thursday December 08, 2016
Latest Updates

ബധിരത കാശ് കൊടുത്ത് വാങ്ങുന്നവര്‍..

ബധിരത കാശ് കൊടുത്ത് വാങ്ങുന്നവര്‍..

മറ്റൊന്നിലും ശ്രദ്ധിക്കാതെ ഇരു ചെവികളിലും ഇയര്‍ഫോണുമായി പാഞ്ഞു പോകുന്ന യുവാക്കള്‍ നിത്യകാഴ്ച്ചയാണ് അയര്‍ലണ്ടില്‍ .ആകാശം ഇടിഞ്ഞു വീണാല്‍ പോലും ഇക്കൂട്ടര്‍ അറിയില്ല.ഒരു തലമുറയുടെ ‘ഫാഷന്റെ’ അടയാളമായി ഇയര്‍ഫോണുകള്‍ മാറികഴിഞ്ഞു.
ഇയര്‍ഫോണ്‍ ചെവിയിലേക്ക് കുത്തിത്തിരുകി മുഴുവന്‍ ശബ്ദത്തിലും പാട്ട് കേള്‍ക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ അത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം ദിവസം 15 മിനിട്ടെങ്കിലും ഇത്തരത്തില്‍ പാട്ടു കേള്‍ക്കുന്നവരുടെ ചെവി പെട്ടെന്നു തന്നെ അടിച്ചുപോകുമെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത് !
അയര്‍ലണ്ടിലെ ചെറുപ്പക്കാരെ മാത്രം ഉള്‍പ്പെടുത്തിയ പഠനത്തിലാണ് പകുതിയിലേറെപ്പേരും കേള്‍വിസംബന്ധമായ തകരാറുകള്‍ ഉള്ളവരാണെന്ന് വ്യക്തമായത്. 60ശതമാനം ചെറുപ്പക്കാരുടെയും കേള്‍വിശക്തിയെ തകരാറിലാക്കിയത് വര്‍ദ്ധിച്ച ഇയര്‍ഫോണ്‍ ഉപയോഗമാണെന്നാണ് റിസര്‍ച്ച് ഫലം തെളിയിക്കുന്നത്.
നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ശബ്ദത്തിന്റെ ലവലില്‍ നിന്നും വളരെ ഉയര്‍ന്ന തോതിലുള്ള ശബ്ദം ഇയര്‍ഫോണിലൂടെ കേള്‍ക്കുന്നതിനാലാണ് പല കൗമാരക്കാരുടെയും കേള്‍വി തകരാറിലാകുന്നത്.
രാജ്യത്ത് മുഴുവനായുമുള്ള ചെറുപ്പക്കാരെ ബോധവത്കരിക്കാനായി ഡഫ്ഹിയര്‍ കാംപെയിന്‍ ആരംഭിച്ചുകഴിഞ്ഞു. 14 മുതല്‍ 22 വരെ പ്രായമുള്ളവരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
കീപ് ദ സൗണ്ട് എന്ന ഈ പ്രൊജക്ട് എടുത്തുകാട്ടുന്നത് വളരെ വലിയ ശബ്ദത്തില്‍ ഇയര്‍ഫോണിലൂടെ പാട്ടുകള്‍ കുറേനാളുകള്‍ തുടര്‍ച്ചയായി കേള്‍ക്കുമ്പോള്‍ സംഭവിക്കുന്ന തകരാറുകളെയാണ്.
85 ഡെസിബല്‍ ശബ്ദമാണ് ഏറ്റവും കൂടിയ തോതില്‍ ഉപയോഗിക്കാവുന്നത്. എന്നാല്‍ പലരും 91 ഡെസിബല്‍ ശബ്ദത്തിലാണ് ഇയര്‍ഫോണുകളിലൂടെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. നാലില്‍ ഒരു വിഭാഗം പേര്‍ 100ഡെസിബല്‍ ഉപയോഗിക്കുന്നുമുണ്ട്.
ഇത്തരത്തില്‍ 85ഡെസിബലില്‍ കൂടുതല്‍ ശബ്ദം ഒരു ദിവസം 15 മിനുട്ടോളം കേള്‍ക്കുന്നത് തന്നെ ചെവിക്ക് തകരാറുകള്‍ സംഭവിക്കുന്നതിന് കാരണമാവാറുണ്ട്. ഇത്തരത്തില്‍ സംഭവിക്കുന്ന തകരാറുകള്‍ പെട്ടെന്ന് പുറത്തേക്ക് കാണിക്കില്ലെങ്കിലും കാലക്രമേണ ഒട്ടും പരിഹരിക്കപ്പെടാത്ത കേള്‍വിക്കുറവായി അത് മാറുകയും ചെയ്യും.
പോര്‍ട്ടബ്ള്‍ മ്യൂസിക് പ്ലേയേര്‍സ് ദിവസവും ഉപയോഗിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. 83ശതമാനത്തോളം ഐറിഷ്‌ചെറുപ്പക്കാരും സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ്.
ഈ ക്രിസ്തുമസിന് കൂടുതല്‍ രക്ഷിതാക്കളും മക്കള്‍ക്ക് സമ്മാനമായി നല്‍കാന്‍ ഒരുങ്ങുന്നതും ഇത്തരത്തിലുള്ള ഡിവൈസുകള്‍ തന്നെ. കുട്ടികളുടെയും ചെറുപ്പക്കാരുടെയും കേള്‍വിയുമായി ബന്ധപ്പെട്ട സുരക്ഷ ഉറപ്പുവരുത്തിയിട്ടുമാത്രമേ ഇത്തരത്തിലുള്ള മ്യൂസിക് പ്ലേയറുകളും മറ്റും സമ്മാനമായി നല്‍കാവു എന്നാണ് ഡെഫ്ഹിയര്‍ അംഗമായ ബ്രണ്ടാന്‍ ലെനന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടത്.
ഇയര്‍ഫോണില്‍ നിന്നും ഹെഡ്‌ഫോണിലേക്ക് ഉപയോഗം മാറ്റുക എന്നതാണ് നിങ്ങളുടെ ചെവിയുടെയും കേള്‍വിയുടെയും സംരക്ഷണത്തിന് ഏറ്റവും നല്ല മാര്‍ഗം. ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതിനേക്കാളും ഹെഡ്‌ഫോണ്‍ ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് വേണ്ടതെന്നും ലെനന്‍ പറഞ്ഞു.
ഹെഡ്‌ഫോണില്‍ നോയിസ് കാന്‍സലിംഗ് ഓപ്ഷന്‍ ഉള്ളതും അത് കൂടുതല്‍ അപകടം വരുത്താത്തതുമാണെന്നും ലെനന്‍ കൂട്ടിച്ചേര്‍ത്തു

Scroll To Top