Monday December 05, 2016
Latest Updates

ബജറ്റ് ഇന്ന്,അധിക പ്രതീക്ഷകള്‍ വേണ്ട 2.5 ബില്ല്യണ്‍ യൂറോ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് നൂനന്‍

ബജറ്റ് ഇന്ന്,അധിക പ്രതീക്ഷകള്‍ വേണ്ട 2.5 ബില്ല്യണ്‍ യൂറോ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് നൂനന്‍

ഡബ്ലിന്‍: ഐറിഷ് ബജറ്റ് 2014 ഇന്ന് അവതരിപ്പിക്കും. അവസാനഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമ്പോഴും ബജറ്റവതരണം കടുകട്ടി യാകുമെന്നു റിപ്പോര്‍ട്ടുകള്‍ .
കഴിഞ്ഞ ദിവസം കാബിനറ്റ് മന്ത്രിമാരുടെ മൂന്നു മണിക്കൂര്‍ നീളുന്ന അവസാനഘട്ട ചര്‍ച്ചയാണ് ഡബ്ലിനില്‍ വച്ച് നടന്നത്. ഇതില്‍ ബജറ്റവതരണത്തില്‍ വരുത്തുന്ന മാറ്റങ്ങളും ചര്‍ച്ചചെയ്യപ്പെട്ടു.
പ്രധാനമന്ത്രി എന്റ കെന്നിയും ഡെപ്യൂട്ടി പ്രധാനമന്ത്രി ഈമന്‍ ഗില്‍മോറും മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തു. കൂടുതല്‍ മാറ്റങ്ങള്‍ മുന്‍ തീരുമാനിച്ച ബജറ്റില്‍ വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ബജറ്റ് 2014 പ്രകാരം ജിപി വിഭാഗത്തിലെ മെഡിക്കല്‍ കാര്‍ഡുകള്‍ ഇനിമുതല്‍ 5വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് മാത്രമായിരിക്കും അനുവദിക്കുക. ഈ പദ്ധതിക്ക് കണക്കാക്കുന്നത് 40 മില്ല്യണ്‍ യൂറോയോളമാണ്. എന്നാല്‍, ഇതേ പദ്ധതി 250,000ത്തോളം വരുന്ന കുട്ടികളുടെ രക്ഷിതാക്കളെ ബാധിക്കാനാണ് സാധ്യത. എല്ലാവര്‍ക്കും ജിപി കെയര്‍ ഉറപ്പുവരുത്തുക എന്നത് സര്‍ക്കാറിന്റെ ഒരു പദ്ധതി ആയിരുന്നു.
തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളിലും കുറവു വരുത്താന്‍ തീരുമാനമായിട്ടുണ്ട്.
പെന്‍ഷനേര്‍സിനു ലഭിച്ചുകൊണ്ടിരിക്കുന്ന ടെലഫോണ്‍ അലവന്‍സിലും വെട്ടിച്ചുരുക്കലുകള്‍ നടക്കും. 70വയസ്സുള്ളവരില്‍ പലര്‍ക്കും മെഡിക്കല്‍ കാര്‍ഡ് നഷ്ടപ്പെടാനും സാധ്യത ഉണ്ട്.
ഇന്ന് ബജറ്റവതരണത്തിന് മുന്‍പ് ഒരുതവണകൂടി കാബിനറ്റ് യോഗം ചേരും. സാമ്പത്തിക പ്രതിസന്ധികള്‍ അലട്ടുമ്പോള്‍ ചേരുന്ന അവസാന ബജറ്റായിരിക്കും ഇതെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഈ ബജറ്റവതരണത്തോടെ സര്‍ക്കാര്‍ ബെയിലൗട്ടില്‍ നിന്നു രക്ഷനേടാനുള്ള മാര്‍ഗത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.
ബജറ്റവതരണം കടുപ്പമുള്ളതായിരിക്കുമെന്നും എന്നാല്‍ ഇതില്‍ നിന്നും നല്ല രീതിയിലുള്ള വാര്‍ത്തകളും പ്രതീക്ഷിക്കാമെന്നും എന്റ കെന്നി പറഞ്ഞു.
ടാക്‌സ് വര്‍ദ്ധനവിലൂടെയും സഹായങ്ങളുടെ വെട്ടിച്ചുരുക്കലുകളിലൂടെയും 2.5 ബില്ല്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവഴി ഐഎംഎഫിലടക്കേണ്ട തുകയുടെ ആദ്യ ഭാഗം കണ്ടെത്താന്‍ സാധിക്കുമെന്നും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ തുടങ്ങാന്‍ കഴിയുമെന്നും സര്‍ക്കാര്‍ വിശ്വസിക്കുന്നു.
ഇന്നലെ നടന്ന മീറ്റിംഗിലും പല പ്രധാനവിഷയങ്ങളിലും പരിപൂര്‍ണ്ണ പിന്തുണയോടെ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എല്ലാ തീരുമാനങ്ങളുടെയും വിശദവിവരങ്ങളിലൂടെ തന്നെ ബജറ്റവതരണം നടത്തുമെന്ന എന്റ കെന്നി അറിയിച്ചു.
ജനങ്ങളെ കൂടുതല്‍ ബാധ്യതകളിലേക്ക് നയിക്കുന്നതായിരിക്കരുത് ബജറ്റെന്നും പണമടക്കാന്‍ നിര്‍വ്വാഹമുള്ളവരെ അതിനായി നിര്‍ബന്ധിക്കണമെന്നും ഫിന്‍ഫാള്‍ അഭിപ്രായപ്പെട്ടു

Scroll To Top