Saturday December 10, 2016
Latest Updates

ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ 

ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ 

മെല്‍ബണ്‍: ബംഗ്ലാദേശിനെ 109 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനലില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 302 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 193 റണ്‍സിന് എല്ലാവരും പുറത്തായി. നാലു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ബംഗ്ലാദേശിനെ ചുരുട്ടിക്കൂട്ടിയത്. മുഹമ്മദ് ശാമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതവും നേടി.

35 റണ്‍സ് നേടിയ നാസര്‍ ഹൊസൈനാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍. ഇതോടെ ഈ ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം മത്സരത്തിലും എതിരാളികളെ ഓള്‍ഔട്ടാക്കിയെന്ന ബഹുമതിയും ധോണിപ്പട സ്വന്തമാക്കി.

നേരത്തെ ഓപ്പണര്‍ രോഹിത് ശര്‍മ്മ(137) നേടിയ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ 302 റണ്‍സെടുത്തത്. 126 പന്തില്‍ നിന്നാണ് രോഹിത് ശര്‍മ്മ 137 റണ്‍സ് നേടിയത്. പതിനാല് ഫോറും മൂന്നു സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു ആ ഇന്നിങ്‌സ്. പതിയെ തുടങ്ങിയ ശര്‍മ്മ സെഞ്ച്വറിക്ക് ശേഷമാണ് തകര്‍ത്തടിച്ചത്. രോഹിതിന് കൂട്ടായി റെയ്‌നയും (57 പന്തില്‍ 65) തിളങ്ങി. ഇന്ത്യയുടെ തുടക്കം തന്നെ ബൗണ്ടറിയോടെയായിരുന്നു.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പത്ത് ഓവറില്‍ 50 കടന്ന ഇന്ത്യ മികച്ച രീതിയില്‍ മുന്നേറുന്നതിനിടെയാണ് ധവാനെ(30) മുഷ്ഫിഖുര്‍ റഹീം മികച്ച സ്റ്റംബിങ്ങിലൂടെ പുറത്താക്കിയത്. സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഉപനായകന്‍ വിരാട് കോഹ്‌ലിയും(3) മടങ്ങി. 27ാം ഓവറില്‍ രഹാനയും(19) പുറത്തായതോടെ ഇന്ത്യ അപകടം മണത്തു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ശര്‍മ്മറെയ്‌ന സഖ്യമാണ് കരകയറ്റിയത്.

46 പന്തില്‍ നിന്നാണ് റെയ്‌ന അര്‍ദ്ധ സെഞ്ച്വറി കടന്നത്. പവര്‍പ്ലേയില്‍ കടന്നാക്രമിച്ച ഇരുവരും സ്‌കോര്‍ 200 കടത്തി. 122 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്. 43ാം ഓവറില്‍ റെയ്‌നയും 46ാം ഓവറിലെ അവസാന പന്തില്‍ രോഹിത് ശര്‍മ്മയും മടങ്ങിയെങ്കിലും പിന്നീടെത്തിയ ധോണി(6) രവീന്ദ്ര ജഡേജ(10 പന്തില്‍ 23)അശ്വിന്‍(3) എന്നിവര്‍ സ്‌കോര്‍ 300 കടത്തി.

Scroll To Top