Tuesday December 06, 2016
Latest Updates

ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി,കേരള സര്‍ക്കാരിന്റെ മദ്യനയത്തിന് കോടതിയുടെ അംഗീകാരം 

ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി,കേരള സര്‍ക്കാരിന്റെ മദ്യനയത്തിന് കോടതിയുടെ അംഗീകാരം 

കൊച്ചി: വരുന്ന മാര്‍ച്ച് 31 ന് അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തേക്ക് കേരളത്തില്‍ ഫോര്‍ സ്റ്റാര്‍ നിലവാരമുള്ള ബാറുകള്‍ക്കു കൂടി തുറന്നുപ്രവര്‍ത്തിക്കാവുന്നതാണെന്നു ഹൈക്കോടതി വിധി. ഹൈക്കോടതി വിധിയോടെ ഫോര്‍, ഫൈവ് സ്റ്റാര്‍ നിലവാരമുള്ള ബാര്‍ ഹോട്ടലുകളും ഹെറിറ്റേജ് ഹോട്ടലുകളുമടക്കം 62 ബാറുകള്‍ മാത്രമാകും സംസ്ഥാനത്ത് തുറന്നുപ്രവര്‍ത്തിക്കുക.

സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയം ചോദ്യംചെയ്തു ബാര്‍ ഉടമകള്‍ നല്‍കിയതടക്കം 83 ഹര്‍ജികളിലാണ് ജസ്റ്റിസ് സുരേന്ദ്രമോഹന്റെ ബഞ്ച് പരിഗണിച്ച് വിധിപറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് ഹൈക്കോടതിയുടെ ഭാഗിക അംഗീകാരം കൂടിയാണ് വിധി.

ഘട്ടംഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്താനും ഇതിന്റെ അടിസ്ഥാനത്തില്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടാനും ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ഘട്ടംഘട്ടമായി കുറയ്ക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്താണ് ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധി വന്നതോടെ ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഒഴികെയുള്ള ഇരുന്നൂറിലധികം ബാറുകളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് അവസാനിക്കും. ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ നിലവാരമുള്ള ബാറുകള്‍ മാത്രമാകും ഇനി സംസ്ഥാനത്ത് തുറന്നുപ്രവര്‍ത്തിക്കുക.

ഫോര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ തമ്മില്‍ വേര്‍തിരിവ് ആവശ്യമില്ലെന്നുള്ള 2012ലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്‍കിയത്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കും ഹെറിറ്റേജ് ബാറുകള്‍ക്കും ബാര്‍ ലൈന്‍സ് നല്‍കാമെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ജനങ്ങള്‍ക്കു വേണ്ടിയാണു പുതിയ മദ്യനയം നടപ്പാക്കുന്നതെന്നും നടപടികള്‍ക്കു നിയമപ്രാബല്യമുണ്ടെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. മദ്യനയത്തിന്റെ കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്‌ടെന്നും ലഹരിവസ്തുവായി കണക്കാക്കപ്പെട്ടിരിക്കുന്ന മദ്യം വില്‍ക്കുന്നത് മൗലിക അവകാശമായി കണക്കാക്കാനാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍ ഫൈവ്സ്റ്റാര്‍ ലോബിക്കുവേണ്ടിയാണ് സര്‍ക്കാരിന്റെ നീക്കമെന്നും മദ്യവില്‍പന അവകാശം കുത്തകയാക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബാറുകള്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകന്‍ പറഞ്ഞു. സര്‍ക്കാര്‍ ചില വിഭാഗങ്ങളെ മാത്രം ഒഴിവാക്കി വിവേചനം കാട്ടുകയാണെന്നു ബാറുടമകള്‍ക്കു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ ടി.എ. സുന്ദരം വാദിച്ചു.

ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്തു സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകള്‍ തള്ളിയിരുന്നു. ഇതേതുടര്‍ന്നു ബാറുടമകള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്നു ഹര്‍ജികള്‍ പരിഗണിച്ചു തീര്‍പ്പാക്കാന്‍ സുപ്രീംകോടതി, ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അതുവരെ ബാറുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ സാവകാശവും അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരുമാസം മുന്‍പ് വാദം കേട്ട ഹര്‍ജിയില്‍ ഹൈക്കോടതി വിധിപുറപ്പെടുവിച്ചത്.

Scroll To Top