Saturday December 10, 2016
Latest Updates

ഫേക്ക് ഓഫ്

ഫേക്ക് ഓഫ്

ഫേസ്ബുക്കില്‍ വ്യാജ ഐഡി കൊണ്ട് ശല്യമനുഭവിക്കുന്ന ആളാണോ നിങ്ങള്‍? ഈ ശല്യങ്ങളൊന്ന് ഒഴിഞ്ഞ് കിട്ടിയെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. എങ്കില്‍ ഇനി വെറുതെ ശപിച്ചുമാത്രം ഇരിക്കണ്ട. വ്യജന്മാരെ ആട്ടി പമ്പകടത്താന്‍ പുതിയ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കയാണ് ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പ്. ഫേക്ക്ഓഫ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ആപ്പ് നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഫേക്ക് ഐഡികള്‍ നിഷ്പ്രയാസം പിടികൂടും. മാത്രമല്ല, പുതിയതായി വരുന്ന ഫ്രണ്ട്ഷിപ്പ് അപേക്ഷകളെ ഒന്ന് സെന്‍സര്‍ ചെയ്ത ശേഷം മാത്രമേ ഈ വിരുതന്‍ നിങ്ങളുടെ ഫ്രണ്ടായി അംഗീകരിക്കൂ.
അടുത്തിടെ വന്ന കണക്കുപ്രകാരം 1.35 ബില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പത്ത് ശതമാനവും ഫേക്ക് ഐഡികളാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഫേക്ക് ഐഡികളെ തുരത്താന്‍ ആപ്പ് നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയത്. ലക്ഷക്കണക്കിന് ആളുകള്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. യഥാര്‍ത്ഥ ഉപയോക്താക്കളെപ്പോലെതന്നെയാണ് വ്യാജ ഐഡികളും പ്രവര്‍ത്തിക്കുന്നത്.
ഫേസ് ബുക്ക് ശാസ്ത്രത്തില്‍ വ്യാജ പ്രൊഫൈലുകളെ കുറ്റവാളികള്‍, വാണിജ്യാടിസ്ഥാനത്തിലുള്ളത്, മാനസിക രോഗികള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇവരെ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് ഇസ്രായേലി സംഘടന അതിനുള്ള ആപ്ലിക്കേഷന് രൂപം നല്‍കാന്‍ തീരൂമാനിച്ചത്. ലൈംഗീക ചൂഷണം ഉള്‍പ്പെടെയുള്ള ഒരുപാട് കുറ്റകൃത്യങ്ങള്‍ വ്യാജ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്നുണ്ട്.
ഫേക്ക് ആപ്പിന്റെ പ്രവര്‍ത്തനം അവതാരകര്‍ വിശദീകരിക്കുന്നതിങ്ങനെ: ഫേക്ക്ഓഫ് ആപ്ലികേഷന്‍ നിങ്ങളുടെ സുഹൃത്തുക്കളെ പരിശോധിച്ചശേഷം ഒന്ന് മുതല്‍ പത്തുവരെ റാങ്കുകളില്‍ ഉള്‍പ്പെടുത്തും. ഈ ആപ്ലിക്കേഷന്‍ സംശയാസ്പദമായ പ്രൊഫൈലുകളില്‍ നിരന്തരം പരിശോധന നടത്തും. എന്തെങ്കിലും അസാധാരണമായ കാര്യങ്ങള്‍ ആ പ്രൊഫൈലുകളില്‍ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. വ്യാജ പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് വേറെ എവിടന്നെങ്കിലും മോഷ്ടിച്ചതാണോയെന്നും പരിശോധിക്കും. ഇപ്പോള്‍ 15,000 പേരുടെ പ്രൊഫൈലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതുഉപയോഗിച്ചു കൊണ്ടിരിക്കുന്നതായി അവതാരകര്‍ അവകാശപ്പെടുന്നു..

Scroll To Top