Saturday December 03, 2016
Latest Updates

ഫെയ്‌സ്ബുക്കിന് സെന്‍സര്‍ഷിപ്പ്; അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ മോഡി ഗവണ്‍മെന്റ്

ഫെയ്‌സ്ബുക്കിന് സെന്‍സര്‍ഷിപ്പ്; അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ മോഡി ഗവണ്‍മെന്റ്

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരമേല്‍ക്കാന്‍ പോകുന്ന നരേന്ദ്ര മോഡി ഗവണ്‍മെന്റ്  ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ കൂച്ചുവിലങ്ങിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഇന്ത്യയുടെ ടെലികോം നയത്തില്‍ നാറ്റം വരുത്തും.

പുതിയ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന നയരേഖയില്‍ ടെലികോം വകുപ്പ് ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1885ലെ ഇന്ത്യന്‍ ടെലഗ്രാഫ് ആക്റ്റ്, 1997ലെ ട്രായ് ആക്റ്റ്, 2000ലെ ഐ.ടി ആക്റ്റ് എന്നീ നിയമങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് മോഡി സര്‍ക്കാര്‍ പുതിയ ടെലികോം നയം നടപ്പിലാക്കും.

ദേശസുരക്ഷ, ജനങ്ങളുടെ സുരക്ഷ, ധാര്‍മ്മികത, സ്വകാര്യത, സദാചാരം എന്നിവയ്ക്ക് പ്രാധാന്യം നല്കിയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത് എന്നാണു പറയപ്പെടുന്നത് എങ്കിലും തങ്ങള്‍ ഹിതകരമല്ലാത്ത അഭിപ്രായങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാണ് ഈ നീക്കമെന്നണ് വിമര്‍ശനം.

മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബലും ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ സെന്‍സര്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ഇതിനിടെ നരേന്ദ്ര മോഡിയെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ ഗോവ സ്വദേശിയായ യുവാവിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.  വിജയിച്ചാല്‍ നരേന്ദ്ര മോഡി വംശഹത്യ നടപ്പിലാക്കുമെന്ന് ഗോവ സ്വദേശിയായ ദേവു ചോടങ്കര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന്റെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Scroll To Top