Friday December 09, 2016
Latest Updates

ഫിലിപ്പിനോകള്‍ക്ക് ഉദാരമായ സംഭാവന :ഒരു ഇടവക പിരിച്ചെടുത്തത് 20000 യൂറോ

ഡബ്ലിന്‍ :ഫിലിപ്പൈന്‍സിലെ ദുരന്തബാധിതര്‍ക്ക് ഒരു കൈസഹായവുമായി അയര്‍ലണ്ടില്‍ നിന്നും സന്നദ്ധ സംഘടനയായ ‘ഗോള്‍’ ഒരു എയര്‍ ലിംഗസ് ഫ്‌ലയിറ്റ് നിറയെ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്തിച്ചു . കഴിഞ്ഞ ദിവസം രാവിലെയാണ് പ്രത്യേക ഉദ്ദേശ്യവുമായി വിമാനം ഡബ്ലിനില്‍ നിന്നും ഉയര്‍ന്നത്.
ഹൈയാന്‍ ആഞ്ഞടിച്ച് എല്ലാം നഷ്ടമായവര്‍ക്ക് 40ടണ്ണോളം സാധനങ്ങളുമായാണ് വിമാനം പറന്നത്. ഭക്ഷണവും വെള്ളവും വസ്ത്രവും ഇല്ലാതെ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കാശ്വാസമാകാനായി അയര്‍ലണ്ടിലെ ജനങ്ങള്‍ സംഭാവന നല്‍കിയതായ സാധനങ്ങളാണ് ഫിലിപ്പൈന്‍സിലേക്ക് പറന്നത്.
രണ്ടാഴ്ച്ചകള്‍ക്കു മുന്‍പ് ഉണ്ടായ ദുരന്തം അനുഭവിച്ച ഫിലിപ്പിനോകള്‍ക്ക് ആശ്വാസമാകാനാണ് എയിഡ് ഏജന്‍സി ഗോള്‍ സാധനങ്ങള്‍ ശേഖരിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനികളും വിശ്വസ്തരായ സപ്ലയര്‍മാരും ഉള്‍പ്പെടെ പലരും തങ്ങളുടെ അപേക്ഷയോട് അനുകൂലമായാണ് പ്രതികരിച്ചതെന്ന് ഗോള്‍ സിഇഒ ബാരി ആന്‍ഡ്രൂസ് പറഞ്ഞു.
ഏകദേശം 60,000യൂറോയോളം വിലവരുന്ന സാധനങ്ങള്‍ നല്‍കി ഐറിഷ് ഡിഫന്‍സ് ഫോര്‍സും തങ്ങളെ സഹായിച്ചുവെന്ന് ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു. കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി 10,000യൂറോയോളം വിലവരുന്ന സാധനസാമഗ്രികളാണ് സംഭാവന ചെയതത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെ ദുബായില്‍ എത്തിയ വിമാനത്തില്‍ നിന്നും ഗോള്‍ തന്നെ സാധനങ്ങള്‍ ഫിലിപ്പൈന്‍സിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാക്കി വച്ചിരുന്നു. മിനറല്‍ വാട്ടറും, മരുന്നുകളും ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ സാധനങ്ങളുമാണ് ഫിലിപ്പൈന്‍സിലേക്ക് കയറ്റിഅയച്ചത്.
ലായറ്റിലെയും പനായിലേയും 17,000ത്തോളം വരുന്ന ആളുകള്‍ക്ക് ഇതിനോടകം തന്നെ സഹായങ്ങള്‍ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ ടാല്‍കോബന്‍ സിറ്റിയിലും സഹായങ്ങള്‍ എത്തിക്കാന്‍ തയ്യാറെടുക്കുകയാണ് ഗോള്‍.

ഐറിഷ് കത്തോലിക്കാ സഭയും രാജ്യവ്യാപകമായി സംഭാവനകള്‍ ശേഖരിക്കുന്നുണ്ട്.ഡബ്ലിനിലെ മൌണ്ട് മെരിയോന്‍ എന്ന ഒരൊറ്റ ഇടവക ദേവാലയത്തില്‍ നിന്നും മാത്രം കഴിഞ്ഞ ആഴ്ച്ച ഇങ്ങനെ ശേഖരിച്ചത് ഇരുപതിനായിരം യൂറോയാണ് .

Scroll To Top