Friday December 09, 2016
Latest Updates

ഫിഫ ലോകകപ്പ്: ഏറ്റവുമധികം ബ്രാന്‍ഡ് മൂല്യമുള്ള ടീം സ്‌പെയിന്‍; മൂല്യമേറിയ താരം മെസി

ഫിഫ ലോകകപ്പ്: ഏറ്റവുമധികം ബ്രാന്‍ഡ് മൂല്യമുള്ള ടീം സ്‌പെയിന്‍; മൂല്യമേറിയ താരം മെസി

റിയോ ഡി ജനീറോ: 2014 ലെ ഫിഫ ലോകകപ്പില്‍ കളിക്കുന്ന ടീമുകളില്‍ ഏറ്റവുമധികം ബ്രാന്‍ഡ് മൂല്യം നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിനെന്ന് റിപ്പോര്‍ട്ട്.  പ്രമുഖ സ്‌പോര്‍ട്‌സ് അനാലിസിസ് കണ്‍സള്‍ട്ടന്‍സിയായ പ്‌ളൂറി കണ്‍സള്‍ട്ടോറിയയാണ് ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ ബ്രാന്‍ഡ് മൂല്യം കണക്കാക്കിയത്. ആതിഥേയരായ ബ്രസീല്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന 32 ടീമുകളുടെയും ബ്രാന്‍ഡ് മൂല്യം പുറത്തുവിട്ടു.

ടീമിലെ താരങ്ങളുടെ മാര്‍ക്കറ്റ് വാല്യു, ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ്, വരുമാനം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് ഒരു ടീമിന്റെ ബ്രാന്‍ഡ് മൂല്യം കണക്കാക്കുന്നത്. 2014 ലോകകപ്പില്‍ കളിക്കുന്ന ടീമുകളില്‍ ആതിഥേയരായ ബ്രസീലിനെ പോലും പിന്തള്ളിയാണ് സ്‌പെയിന്‍ മുന്നിലെത്തിയത്. പ്‌ളൂറി കണ്‍സള്‍ട്ടന്‍സി പുറത്ത് വിട്ട കണക്ക് പ്രകാരം  486.9 ദശലക്ഷം യൂറോയാണ് സ്പാനിഷ് ടീമിന്റെ ബ്രാന്‍ഡ് മൂല്യം. അര്‍ജന്റീനയാണ് രണ്ടാംസ്ഥാനത്ത്. 474.1 ദശലക്ഷം യൂറോയാണ് അര്‍ജന്റീനയുടെ ബ്രാന്‍ഡ് മൂല്യം. ആതിഥേയരായ ബ്രസീല്‍ ടീമിന് മൂന്നാം സ്ഥാനം നേടാനേ സാധിച്ചുള്ളൂ. 470.2 ദശലക്ഷം യൂറോയാണ് ബ്രസീല്‍ ടീമിന്റെ ബ്രാന്‍ഡ് മൂല്യം.

ബ്രാന്‍ഡ് മൂല്യത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ നേടിയ മറ്റ് ടീമുകള്‍: ജര്‍മ്മനി (445.6), ഫ്രാന്‍സ് (398.6), ഇംഗ്‌ളണ്ട് (354.2), ബെല്‍ജിയം (336.1), ഇറ്റലി (322.4). ഈ ലോകകപ്പില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള താരം സൂപ്പര്‍ താരം ലയണല്‍ മെസിയാണ്. 138.1 ദശലക്ഷം യൂറോയാണ് മെസിയുടെ  മൂല്യം. മറ്റൊരു സൂപ്പര്‍ താരമായ റൊണാള്‍ഡോയുടെ മൂല്യം 107.3 ദശലക്ഷം യൂറോയാണ്.

Scroll To Top