Sunday December 04, 2016
Latest Updates

ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌ക്കാരം ഇന്ന് പ്രഖ്യാപിക്കും

ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌ക്കാരം ഇന്ന് പ്രഖ്യാപിക്കും

ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌ക്കാരം ഇന്ന് പ്രഖ്യാപിക്കും. സൂറിച്ചിലാണ് ബാലന്‍ ഡി ഓര്‍ പുരസ്‌കാര പ്രഖ്യാപനം. നിലവിലെ പുരസ്‌കാര ജേതാവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, മാനുവല്‍ ന്യൂയര്‍ എന്നിവരാണ് ലോകഫുട്‌ബോളര്‍ പുരസ്‌കാരത്തിനായി പരിഗണന പട്ടികയിലുള്ളത്.

നിലവിലെ ജേതാവായ ക്രിസ്റ്റ്യാനോയ്ക്കാണ് പുരസ്‌ക്കാര സാധ്യത കല്‍പ്പിക്കപ്പെടുന്നത്. റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം, ക്ലബ് ലോകകപ്പ് കിരീടം എന്നിവ നേടിക്കൊടുക്കുന്നതില്‍ ക്രിസ്റ്റ്യാനോയുടെ സംഭാവന അദ്ദേഹത്തിന് നേട്ടമാകും. കഴിഞ്ഞ സീസണില്‍ 61 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗില്‍ 17 തവണ ഗോള്‍ വല കുലുക്കിയപ്പോള്‍ ലാലിഗയില്‍ 26 ഗോളുകള്‍ സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തു.

ക്രിസ്റ്റ്യാനോ കഴിഞ്ഞാല്‍ നേരത്തെ നാല് തവണ ലോക ഫുട്‌ബോളര്‍ പുരസ്‌ക്കാരം നേടിയിട്ടുള്ള മെസിക്കാണ് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ ദേശീയ ടീമിന് വേണ്ടിയും ക്ലബ്ബായ ബാഴ്‌സയ്ക്ക് വേണ്ടിയും 66 മത്സരങ്ങളില്‍ നിന്ന് 58 ഗോളുകളാണ് മെസിയുടെ സമ്പാദ്യം.

ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഗോളി എന്ന നിലയിലാണ് മാനുവല്‍ ന്യൂയറിനെ പുരസ്‌ക്കാരത്തിനായി പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകകപ്പ് ഉള്‍പ്പെടെ 62 മത്സരങ്ങളില്‍ ജര്‍മനിയുടെ ഗോള്‍ വല കാത്ത മാനുവല്‍ 40 ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. ലോകകപ്പിലെ മികച്ച ഗോളിക്കുള്ള പുരസ്‌ക്കാരം മാനുവലിനായിരുന്നു. മാനുവലിന് പുരസ്‌ക്കാരം ലഭിച്ചാല്‍ ലോക ഫുട്‌ബോളര്‍ പുരസ്‌ക്കാരം ലഭിക്കുന്ന രണ്ടാമത്തെ ഗോളിയാകും അദ്ദേഹം. സോവിയറ്റ് യൂണിയന്റെ ലെവ് ഷാഹിനാണ് ഇതിനു മുമ്പ് ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയിട്ടുള്ള ഏക ഗോളി.

Scroll To Top