Thursday December 08, 2016
Latest Updates

ഫിനാ ഫാള്‍ തിരിച്ചുവരുന്നു,ലോക്കല്‍ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യം

ഫിനാ ഫാള്‍ തിരിച്ചുവരുന്നു,ലോക്കല്‍ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യം

ഡബ്ലിന്‍: ലോക്കല്‍ തെരഞ്ഞെടുപ്പില്‍ 949 സീറ്റുകളില്‍ 901 എണ്ണത്തില്‍ ഫലം
പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ ഫിനാ ഫാളിനു വ്യക്തമായ മുന്‍തൂക്കം. 2011 ല്‍
നേടിയതിനെക്കാള്‍ വോട്ട് ശതമാനം വര്‍ദ്ധിപ്പിച്ച ഫിനാ ഫാള്‍ ഇക്കുറി 25 ശതമാനം
വോട്ടുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ദിവസം സിന്‍ ഫിന്‍
പാര്‍ട്ടിയുടെ മുന്നേറ്റമാണ് കണ്ടതെങ്കിലും രണ്ടാം ദിനത്തില്‍ ഫിനാ ഫാള്‍
വ്യക്തമായ മുന്‍തൂക്കം നേടുന്ന കാഴ്ചയാണ് കണ്ടത്. സിന്‍ ഫിന്‍ പാര്‍ട്ടിയും നല്ല
മുന്നേറ്റമുണ്ടാക്കിയെങ്കിലും ദേശീയ തലത്തില്‍ നോക്കിയാല്‍ കൂടുതല്‍
നേട്ടമുണ്ടാക്കിയത് ഫിനാ ഫാളാണ്.

കഴിഞ്ഞ പാര്‍ളിമെന്റ് തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായും ജനം എഴുതി തള്ളിയ ഫിന ഫാളിന്റെ തിരിച്ചുവരവ് അമ്പരപ്പോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

ഡബ്ലിനും പുറത്തും സിന്‍ ഫിന്‍ നേട്ടമുണ്ടാക്കി. എന്നാല്‍ സിന്‍ ഫിന്‍ പാര്‍ട്ടിക്ക്
കുറച്ച് കൂടി സീറ്റുകള്‍ നേടാന്‍ സാധിക്കുമായിരുന്നെന്നു രാഷ്ട്രീയ വിദഗ്ദര്‍
വിലയിരുത്തുന്നു. ഫിനാഗല്‍ പാര്‍ട്ടി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍
നേടിയതിനെക്കാള്‍ വോട്ട് ഷെയര്‍ കുറഞ്ഞു. ചെറുപാര്‍ട്ടികളുടെ അപ്രതീക്ഷിത
മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രത്യേകത. പീപ്പിള്‍ ബിഫോര്‍
പ്രോഫിറ്റ് പാര്‍ട്ടിയും ആന്റി ഒസ്‌റ്റെറിറ്റി അലയന്‍സും നേട്ടം കൊയ്തു. രണ്ടു
തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്ക് ശേഷം ഗ്രീന്‍ പാര്‍ട്ടിയും ശക്തമായ
തിരിച്ചു വരവ് നടത്തി. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായ പാട്രിക്
കൊസ്‌റ്റെല, ക്ലെയര്‍ ബയേണ്‍ എന്നിവര്‍ അപ്രതീക്ഷിത വിജയം നേടി. ദേശീയ തലത്തില്‍
പാര്‍ട്ടി പത്ത് സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസമയം 335 കൌണ്‍സിലര്‍മാരുമായി തെരഞ്ഞെടുപ്പ് നേരിട്ട ഫിനഗേല്‍ അപ്രതീക്ഷിത
തിരിച്ചടി നേരിട്ടു. ഇക്കുറി ഫിനഗേലിന്റെ സിറ്റിംഗ് സീറ്റുകളില്‍
നൂറെണ്ണമെങ്കിലും നഷ്ടപ്പെടുമെന്നാണ് സൂചന. ആദ്യ ദിവസത്തെ ഫലങ്ങള്‍ പുറത്ത്
വന്നപ്പോള്‍ ഡബ്ലിനില്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്ന സീറ്റുകള്‍ പകുതിയായി
കുറഞ്ഞു. അതേസമയം ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് 80 കള്‍ക്ക് ശേഷമുണ്ടായ
ഏറ്റവും വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പില്‍ നേരിട്ടത്. ഇടത്തരക്കാരും
തൊഴിലാളി വിഭാഗവും എതിരായ്താണ് പാര്‍ട്ടിക്ക് തിരിച്ചടി നേരിടാന്‍ കാരണമായത്.

ജനവിരുദ്ധമായ വാട്ടര്‍ ചാര്‍ജ് ,പ്രോപ്പര്‍ട്ടി ചാര്‍ജ് ,വലിയൊരു വിഭാഗത്തെ വേദനിപ്പിച്ച ഗര്‍ഭചിദ്ര നിയമ ഭേദഗതി,സ്വവര്‍ഗ വിവാഹത്തിനനുകൂലമായ നിലപാട് എന്നിവ ഭരണ കക്ഷിയ്ക്ക് എതിരെ ജനവിധിയ്കു മുഖ്യ കാരണമായി

Scroll To Top