Monday December 05, 2016
Latest Updates

പ്രൊടെം സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തു

പ്രൊടെം സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭയുടെ പ്രോംടെം സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കമല്‍നാഥിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പതിനാറാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നടത്തി. ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ശ്രീധരന്‍ പതിനാറാം ലോക്‌സഭ രൂപീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം വായിച്ചു.

തുടര്‍ന്ന് ഇന്നലെ അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സഭ പിരിഞ്ഞു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെയും മറ്റന്നാളുമായി നടത്തും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടത്താനിരുന്നതാണെങ്കിലും ഗോപിനാഥ് മുണ്ടെയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങ് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തും.

ബിജെപി നേതാവ് സുമിത്ര മഹാജന്‍ സ്പീക്കര്‍ ആയേക്കുമെന്നാണ് സൂചന. എട്ടു തവണ എംപിയായ മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. ലോക്‌സഭയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിടയില്ല. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ നടക്കും.

Scroll To Top