Thursday December 08, 2016
Latest Updates

പ്രായമായ മാതാപിതാക്കളെ  പരിചരിക്കാന്‍ ഇനി റോബോട്ടും! (വീഡിയോ )

പ്രായമായ മാതാപിതാക്കളെ  പരിചരിക്കാന്‍ ഇനി റോബോട്ടും! (വീഡിയോ )

ഡബ്ലിന്‍: പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ സമയമില്ലത്തവര്‍ക്കായി സേവന സന്നദ്ധനായി റോബിന്‍ രംഗത്ത്. പേര് കേട്ടിട്ട് ഈ റോബിന്‍, മനുഷ്യക്കുഞ്ഞാണെന്ന് കരുതരുത്. ഒരു റോബോട്ടിന്റെ പേരാണ് റോബിന്‍. ജീവിത സായാഹ്നത്തില്‍ എത്തിയ വൃദ്ധരെ പരിചരിക്കാന്‍ റോബിനെ ഏല്‍പ്പിച്ചാല്‍ മതി ഇവന്‍ ഭംഗിയായി തന്റെ കടമ നിര്‍വഹിക്കും. 

യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ ജിറാഫ് സിസ്റ്റം വികസിപ്പിച്ചെടുത്ത റോബോട്ടാണിത്. ഇറ്റാലിയന്‍ സ്വദേശിനിയായ ലിയ മിന എന്ന 94കാരി ഈ റോബിന്‍ റോബോട്ടിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്.

ലിയ മിനയെപ്പോലെ നിരവധി വൃദ്ധര്‍ക്ക് ഇവന്റെ സഹായത്തോടെ ജീവിതസായാഹ്നം പരസഹായമില്ലാതെ ജീവിച്ചു തീര്‍ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈ റോബോട്ടിനെ വീട്ടില്‍ എത്തിച്ചാല്‍ വൃദ്ധ ജനങ്ങള്‍ക്ക് വീട്ടില്‍ തന്നെ കഴിയാം എന്നതാണ് ഏറ്റവും പ്രധാന സവിശേഷത. 

അതായത് ജീവിത സായാഹ്നത്തില്‍ വൃദ്ധജനങ്ങള്‍ അനാധാലയത്തിലും കെയര്‍ ഹോമുകളിലും കഴിയേണ്ടി വരില്ലെന്ന് സാരം. വൃദ്ധര്‍ക്ക് ഡോക്ടറെ ബന്ധപ്പെട്ട് വൈദ്യ സഹായം ആവശ്യപ്പെടാനും ഹെല്‍ത്ത് കെയര്‍ ജീവനക്കാരെ ബന്ധപ്പെടാനും കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താനും സെന്‍സറുകള്‍ ഘടിപ്പിച്ച ഈ റോബോട്ട് സഹായിക്കും.  രക്തസമ്മര്‍ദ്ദം അളക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികളും ഇവന്‍ ചെയ്യും. യൂറോപ്യന്‍ യൂണിയന്‍ 3 മില്യന്‍ യൂറോയാണ് ഈ റോബോട്ട് വികസിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം നല്കിയത്. ജീവിത സായാഹ്നത്തില്‍ എത്തിയവര്‍ക്ക് പരസഹായം കൂടാതെ ജീവിക്കുന്നതിന് വേണ്ടിയാണ് ഈ റോബോട്ട് വികസിപ്പിച്ചതെന്ന് ഈ റോബോട്ട് വികസിപ്പിച്ചെടുത്ത ജിറാഫ് സിസ്റ്റത്തിന്റെ വക്താവ് പറഞ്ഞു.

ലോകത്തെമ്പാടും മാതാപിതാക്കള്‍ വാര്‍ദ്ധക്യ കാലത്ത് തനിച്ചു കഴിയേണ്ട അവസ്ഥ വര്‍ദ്ധിച്ചു വരുന്നത് കാരണമാണ് യൂറോപ്യന്‍ യൂണിയന്‍ തന്നെ ഇത്തരമൊരു പ്രൊജക്റ്റിനു മുന്നിട്ടിറങ്ങിയതത്രേ.

ഈ വര്‍ഷം അവസാനത്തോടെ യൂറോപ്പിലെ 15 വീടുകളില്‍ റോബിന്‍ റോബോട്ടിന്റെ സേവനം ലഭ്യമാകുമെന്ന് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ആമി ലോഫ്ടി പറഞ്ഞു. നിലവില്‍ യൂറോപ്പിലെ ആറ് വീടുകളിലും സ്‌പെയിന്‍, സ്വീഡന്‍, ഇറ്റലി എന്നിവടങ്ങളില്‍ ഓരോ വീടുകളിലും ഈ റോബോട്ട് ഉണ്ട്. 

കൂടുതല്‍ വീടുകളിലേയ്ക്ക് റോബിനെ ക്ഷണിച്ചുകൊണ്ടുള്ള കോളുകളുടെ പ്രളയമാണ്.എന്തായാലും ലോകത്തില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാകുകയാണ് റോബിന്‍ റോബോട്ട് 

Scroll To Top