Saturday December 03, 2016
Latest Updates

പ്രസവാവധി അമ്മയോടൊപ്പം അച്ഛനും പങ്കുവെയ്ക്കണമെന്ന് സര്‍ക്കാര്‍ സമിതി :അവധി ഒരു വര്‍ഷമാക്കും

പ്രസവാവധി അമ്മയോടൊപ്പം അച്ഛനും പങ്കുവെയ്ക്കണമെന്ന് സര്‍ക്കാര്‍ സമിതി :അവധി ഒരു വര്‍ഷമാക്കും

ഡബ്ലിന്‍ :പ്രസവാനന്തര അവധിയ്ക്ക് അമ്മമാര്‍ക്ക് ലഭിക്കുന്ന അവധി അച്ഛന്‍മാരുമായി പങ്കു വെയ്ക്കാന്‍ അനുവദിച്ചുകൊടുക്കണമെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

സമിതിയുടെ റിപ്പോര്‍ട്ട് ശിശുസംരക്ഷണ വകുപ്പ് മന്ത്രി ഫ്രാന്‍സസ് ഫിറ്റ്‌സ്ജറാള്‍ഡ് പെട്ടെന്നു തന്നെ പ്രസിദ്ധീകരിക്കും. അടുത്ത അഞ്ചുവര്‍ഷങ്ങളിലേക്കുള്ള ശിശുസേവനവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ഒന്നായി ഇതിനെയും പരിഗണിക്കുമെന്ന് അവര്‍ പറഞ്ഞു.

പ്രസവാവധിയായി ഇപ്പോള്‍ അമ്മമാര്‍ക്ക് ആറുമാസത്തെ ശമ്പളത്തോടുകൂടിയ അവധിയും മൂന്നരമാസത്തെ സാധാരണ അവധിയും നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പല അമ്മമാരും ആറുമാസത്തെ അവധിക്കു ശേഷം ജോലിയിലേക്ക് പ്രവേശിക്കുന്നതായാണ് കണ്ടെത്തിയത്.

വിദഗ്ദ്ധസമിതി അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് രക്ഷിതാക്കള്‍ക്ക് കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ആകെ ഒരുവര്‍ഷം അവധി അനുവദിക്കണം എന്നാണ്.
സമിതിയുടെ റിപ്പോര്‍ട്ടുപ്രകാരം ആദ്യത്തെ ആറു മാസത്തെ അവധി അമ്മയ്ക്കു തന്നെ ഉള്ളതാണ്. എന്നാല്‍ ആറുമാസം കഴിഞ്ഞാല്‍ രക്ഷിതാക്കളില്‍ ആര് തുടര്‍ന്ന് അവധിയെടുക്കണമെന്ന് അവര്‍ക്കുതന്നെ തീരുമാനിക്കാം.

ശിശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് അച്ഛനുകൂടി രണ്ടാഴ്ച്ചത്തെ പെയ്ഡ് ലീവ് അനുവദിക്കാന്‍ പദ്ധതി ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ പിതാവിന് ലീവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമസാധുതകള്‍ ഒന്നും ഇല്ല.

ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി എന്ന പുതിയ സംരഭത്തിന്റെ ഭാഗമായി പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ സേവനം ഉറപ്പുവരുത്താനും പദ്ധതി നിര്‍ദ്ദേശം വച്ചിട്ടുണ്ട്.

കുട്ടിയുടെ പ്രീസ്‌കൂള്‍ കാലയളവുവരെയുള്ള സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി 0.4മുതല്‍ 0.7വരെ ജിഡിപി അടുത്ത അഞ്ചുവര്‍ഷത്തേക്ക് നീക്കിവെക്കാനാണ് സമിതിയുടെ നിര്‍ദ്ദേശം.

Scroll To Top