Saturday December 03, 2016
Latest Updates

പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാകുന്നു; പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത അഭിപ്രായം

പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാകുന്നു; പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത അഭിപ്രായം

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനുള്ള സാധ്യത തെളിഞ്ഞു. പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഇലക്ട്രോണിക് ബാലറ്റോ പ്രതിനിധി വോട്ട് രേഖപ്പെടുത്തുന്ന രീതിയോ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. പ്രവാസി വോട്ടവകാശം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കണമെന്ന് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു.

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇമെയില്‍ മുഖേന ഇലക്ട്രോണിക് ബാലറ്റ് അയച്ച് കൊടുക്കുകയും വോട്ട് രേഖപ്പെടുത്തിയ ശേഷം തിരിച്ച അയയ്ക്കുന്നതോ ആണ് ഒന്നാമത്തെ രീതി. ഈ രീതി ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് തങ്ങളുടെ പ്രതിനിധിയെ നിയോഗിച്ച് വോട്ട് രേഖപ്പെടുത്താം. ഇത് രീതി വേണമെന്ന് വോട്ടര്‍മാര്‍ക്ക് തീരുമാനിക്കാമെനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഡോ വി പി ഷംഷീറിന്റെ ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. അതിന് ശേഷമേ നിയമം നിലവില്‍ വരൂ.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു. ഇലക്ട്രോണിക് ബാലറ്റും പ്രോക്‌സി വോട്ടിംഗും ഒരുക്കുന്നതിനെ സിപിഐഎമ്മും സിപിഐയും എതിര്‍ത്തതായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ വ്യക്തമാക്കി. നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് സിപിഎമ്മും സിപിഐയും അഭിപ്രായപ്പെട്ടു. അതേസമയം ഇലക്ട്രോണിക് ബാലട്ടും പ്രോക്‌സി വോട്ടിങ്ങും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. എംബസിയിലെ വോട്ടിംഗ് ആണ് ഉചിതമെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് രാഷ്ട്രീയ പാര്‍ടികള്‍ നിലപാട് വ്യക്തമാക്കിയത്.

Scroll To Top