Thursday December 08, 2016
Latest Updates

പ്രവാസി വോട്ടവകാശം: ഇന്ന് സുപ്രീം കോടതി നിലപാട് പ്രഖ്യാപിക്കും

പ്രവാസി വോട്ടവകാശം: ഇന്ന് സുപ്രീം കോടതി നിലപാട് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി; പ്രവാസി വോട്ടവകാശം സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമായേക്കും. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. മെയില്‍ മുഖേനയുള്ള ഇ ബാലറ്റ്, അല്ലെങ്കില്‍ പ്രതിനിധിയെ ഉപയോഗിച്ചുള്ള പ്രോക്‌സി വോട്ടിംഗ് എന്നീ നിര്‍ദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ നിര്‍ദ്ദേശത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പിന്തുണയ്ക്കും.

ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേന്ദ്രത്തിന് വേണ്ടി സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കും. സുപ്രീം കോടതിയുടെ അനുമതി ലഭിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകും. നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കും.

പ്രോക്‌സി വോട്ട്, എംബസിയിലെ വോട്ടിംഗ്, ഇ ബാലറ്റ് മുഖേനയുള്ള വോട്ടിംഗ്, തപാല്‍ ബാലറ്റ് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. ഇതില്‍ പ്രോസ്‌കി വോട്ടിങ്ങും ഇ ബാലറ്റുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകാര്യമായത്. പ്രവാസി വോട്ടിംഗ് തീരുമാനമായാല്‍ ഏറെ നാളായുള്ള പ്രവാസികളുടെ പോരാട്ടമാണ് ഫലം കാണുന്നത്.

Scroll To Top