Tuesday December 06, 2016
Latest Updates

പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്റെ സേവന നികുതി പിന്‍വലിക്കണമെന്ന് കേരളം

പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്റെ സേവന നികുതി പിന്‍വലിക്കണമെന്ന് കേരളം

ന്യൂഡല്‍ഹി: പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് സേവന നികുതി ഏര്‍പ്പെടുത്തുന്നതിനെതിരെ കേരളം. സേവന നികുതി പിന്‍വലിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ്  സേവന നികുതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് അയച്ച കത്തില്‍ മന്ത്രി കെസി ജോസഫ് ആവശ്യപ്പെട്ടു.

2012 ല്‍ നടപ്പിലാക്കാന്‍ ആലോചിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത നികുതിയാണ് ഇത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോടിയോടും ഇക്കാര്യം ആവശ്യപ്പെടും. പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്ന സ്ഥാപനത്തിന്റെ ഇന്ത്യയിലെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കമ്മീഷന്‍ ലഭിക്കുന്നുണ്ട്. സ്ഥാപനങ്ങളുടെ ഈ കമ്മീഷന്‍ വരുമാനത്തിനാണ് 12.36 ശതമാനം സേവന നികുതി ഏര്‍പ്പെടുത്തിയത്.

സ്ഥാപനങ്ങളാണ് ഇത് നല്‍കേണ്ടതെങ്കിലും ഇതിനുള്ള തുക സ്ഥാപനങ്ങള്‍ പ്രവാസികളില്‍ നിന്നുതന്നെ ഈടാക്കും. ഇപ്പോള്‍ എഴ് ശതമാനമാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കമ്മീഷന്‍ ലഭിക്കുന്നത്. ഇതിന്റെ 12.36 ശതമാനമാണ് സേവന നികുതിയായി നല്‍കേണ്ടത്. ഈ തുക പ്രവാസികളില്‍ നിന്ന് ഈടാക്കാന്‍ തുടങ്ങിയാല്‍ പ്രവാസികള്‍ക്ക് വന്‍ നഷ്ടമുണ്ടാകും. 49,000 കോടിയോളം രൂപയാണ് പ്രതിവര്‍ഷം കേരളത്തിലേക്ക് പ്രവാസി പണം എത്തുന്നത്.

Scroll To Top