Saturday December 03, 2016
Latest Updates

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം നല്‍കിക്കൂടെയെന്ന് സുപ്രീം കോടതി ,ഉടന്‍ നയം വ്യക്തമാക്കാന്‍ സര്‍ക്കാരിന് നോട്ടിസ്

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം നല്‍കിക്കൂടെയെന്ന് സുപ്രീം കോടതി ,ഉടന്‍ നയം വ്യക്തമാക്കാന്‍ സര്‍ക്കാരിന് നോട്ടിസ്

ന്യൂ ഡല്‍ഹി :ഏത് തെരഞ്ഞെടുപ്പ് നടന്നാലും പ്രവാസി വോട്ടവകാശം ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ഭരണ നേതൃത്വത്തെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രവാസികളെ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ സുപ്രീം കോടതി പ്രവാസികളുടെ പരാതി കേള്‍ക്കാന്‍ തയ്യാറായി. പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം നല്‍കിക്കൂടെ എന്ന് സുപ്രീം കോടതി ചോദിച്ചു.

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡോ.ഷംസീര്‍ വയലില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇത് ചോദിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായ അറ്റോര്‍ണി ജനറലിനോടാണ് സുപ്രീം കോടതി ഇക്കാര്യം ചോദിച്ചത്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി, കേന്ദ്രസര്ക്കാരിനും ഇലക്ഷന്‍ കമ്മീഷനും നോട്ടീസ് അയച്ചു. ഏപ്രില്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും. അതിനു മുമ്പ് നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് വിക്രമാജിത് സെന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രവാസി വോട്ടവകാശം ഗൗരവമുള്ള വിഷയമാണെന്നും എന്നാല്‍ ഈ തെരഞ്ഞെടുപ്പിന് മുമ്പായി അത് സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ഏറ്റവുമധികം പ്രവാസി വോട്ടര്‍മാരുള്ളതു കേരളത്തിലാണെന്നും കേരളത്തില്‍ ഏപ്രില്‍ 10 നു വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അതിനു മുമ്പായി ഒരു തീരുമാനം ഉണ്ടാകണമെന്നും സുപ്രീം കോടതിയില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ ഉടനടി തീരുമാനമെടുക്കാന്‍ സാധിക്കാത്ത വിഷയമായതിനാല്‍ ഈ തെരഞ്ഞെടുപ്പിലും പ്രവാസി വോട്ടവകാശം അംഗീകരിച്ച് കിട്ടില്ലെന്ന് ഉറപ്പായിരിക്കുകയാണ്. കേരളം കഴിഞ്ഞാല്‍ ഏറ്റവുമധികം പ്രവാസി വോട്ടര്‍മാരുള്ളതു പഞ്ചാബില്‍ നിന്നാണ്.

Scroll To Top