Saturday December 10, 2016
Latest Updates

പ്രഫ. നൈനാന്‍ കോശി അന്തരിച്ചു

പ്രഫ. നൈനാന്‍ കോശി  അന്തരിച്ചു

തിരുവനന്തപുരം: നയതന്ത്ര വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രഫ. നൈനാന്‍ കോശി (81) അന്തരിച്ചു.

രാവിലെ എട്ടു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളായി രോഗബാധിതനായിരുന്നു.

തിരുവല്ല കവിയൂര്‍ മുണ്ടിയപ്പളളി കാലാപ്പറമ്പില്‍ കെ.വി. കോശിയുടേയും മറിയത്തിന്റെയും മകനാണ്. തിരുവല്ല കാവുംഭാഗം പറയത്തുകാട്ടില്‍ കുടുംബാഗം സൂസനാണ് ഭാര്യ. ഷൈനി, നൈനി, എലിസബേത്ത് എന്നിവര്‍ മക്കളാണ്. 1934 ഫെബ്രുവരി ഒന്നിന് തിരുവല്ലയിലാണ് ജനനം.

വേള്‍ഡ് കൗണ്‍സില്‍ ഒഫ് ദ് ചര്‍ച്ചസ് ഓഫ് ഇന്റര്‍നാഷണലിന്റെ ഡയറക്ടര്‍, കേരള വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ (2007) എന്നിവ ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

1999ല്‍ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

ദൈവശാസ്ത്രത്തില്‍ റൊബുര്‍ സര്‍വകാലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. 1964 മുതല്‍ 68 വരെ മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ പ്രൊഫസറായും വൈസ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. കേരളത്തില്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്നപ്പോള്‍ എകെപിസിടിഎയുടെ സജീവപ്രവര്‍ത്തകനായിരുന്നു. കേരളത്തിലെ വിവിധ ജനകീയസംഘങ്ങളുടെ സുഹൃത്തും വഴികാട്ടിയുമായിരുന്നു.

1968 മുതല്‍ 73 വരെ ഇന്ത്യയിലെ ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ (എസ്‌സിഎം) ജനറല്‍ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് 197374ല്‍ നൈനാന്‍ കോശിയെ ബാംഗ്ലുരിലെ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്ററിന്റെ അസോസിയേറ്റഡ് ഡയറക്ടറായി നിയമിച്ചു. 1981 മുതല്‍ 91 വരെ ലോക ക്രൈസ്തവ കൗണ്‍സിലിന്റെ (ഡബ്ല്യൂസിസി) രാജ്യാന്തരവിഭാഗം ഡയറക്ടറായി.

Scroll To Top